തിരുവനന്തപുരം കട്ടേല ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടെ കുട്ടികൾക്ക് മിഠായി വിതരണം ചെയ്ത രീതിയെച്ചൊല്ലി ബിജെപി നേതാവ് വി. മുരളീധരനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയരുന്നു. കുട്ടികളുടെ കൈകളിൽ നേരിട്ട് മിഠായി നൽകാതെ, മേശപ്പുറത്തേക്ക് വിതറിയിട്ട് എടുക്കാൻ ആവശ്യപ്പെട്ടതാണ് വിവാദത്തിന് കാരണമായത്.
പിന്നോക്ക, പട്ടികവർഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നടന്ന ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. കുട്ടികളെ അപമാനിക്കുന്ന രീതിയിലുള്ള ഈ പ്രവർത്തി സവർണ്ണ മനോഭാവത്തിന്റെ തെളിവാണെന്നും മനുഷ്യത്വരഹിതമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചടങ്ങിൽ ഉദ്ഘാടകയായി പങ്കെടുത്ത മന്ത്രി തുളസി ഈ പ്രവർത്തി തടയാൻ ശ്രമിച്ചില്ലെന്നതിനെയും അദ്ദേഹം വിമർശിച്ചു.
അതേസമയം, കുട്ടികൾക്ക് ഇഷ്ടമുള്ളത്രയും മിഠായികൾ എടുക്കാനാണ് കവർ പൊട്ടിച്ച് മേശപ്പുറത്തേക്ക് നൽകിയതെന്നാണ് ബിജെപി അനുകൂലികളുടെ വാദം. ഈ സംഭവത്തിൽ ഇതുവരെ വി. മുരളീധരനോ ബിജെപി നേതൃത്വമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.