ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള ഒരു യുവതി, ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവ് തന്റെ മുഴുവൻ കുടുംബത്തെയും കൂടെ കൂട്ടിയതിനെത്തുടർന്ന് വിവാഹമോചനത്തിന് അപേക്ഷ നൽകി. മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട് ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹിതരായ ഇവർ, നൈനിറ്റാളിൽ സ്വകാര്യമായി ഹണിമൂൺ ആഘോഷിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ യാത്ര പുറപ്പെടും മുമ്പ് ഭർത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒപ്പം വരുന്നുണ്ടെന്ന് അറിഞ്ഞതോടെ യുവതി അങ്ങേയറ്റം അസ്വസ്ഥയായി.
ഹണിമൂൺ യാത്ര കുടുംബ യാത്രയായി മാറിയതിൽ പ്രതിഷേധിച്ച ഭാര്യ, കുടുംബ കൗൺസിലിങ് സെന്ററിൽ പരാതി നൽകി. എന്നാൽ ‘കുടുംബത്തിലെ എല്ലാവരും സന്തുഷ്ടരായിരിക്കണമെന്ന് ആഗ്രഹിച്ചതിനാലാണ് അവരെ കൂട്ടിയതെന്നും താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും’ ഭർത്താവ് കൗൺസിലർമാരോട് പറഞ്ഞു. ഇതിനിടെ, ബന്ധം മെച്ചപ്പെടുത്താൻ ദുബായ് യാത്ര ആസൂത്രണം ചെയ്തെങ്കിലും, അവിടെയും കുടുംബത്തെ കൂട്ടണമെന്ന ഭർത്താവിന്റെ നിർബന്ധം ബന്ധം കൂടുതൽ വഷളാക്കി.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ കേസ് ഫാമിലി കൗൺസിലിങ് സെന്ററിലേക്ക് റഫർ ചെയ്തു. മൂന്ന് റൗണ്ട് കൗൺസിലിങ്ങിന് ശേഷവും ഇരുവരും നിലപാടുകളിൽ ഉറച്ചുനിന്നതോടെ, ഒത്തുപോകാൻ കഴിയില്ലെന്ന് ഉറപ്പിച്ച് ദമ്പതികൾ വേർപിരിയാൻ തീരുമാനിച്ചു.