തൃശ്ശൂർ വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാരൻ കാട്ടിയ ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ നിന്ന വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാൻ തയ്യാറാകാതിരുന്ന കണ്ടക്ടറോട് ഒരു വിദ്യാർത്ഥി കൈകൂപ്പി അപേക്ഷിക്കുന്ന ഹൃദയഭേദകമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘മെജോമോൻ’ എന്ന സ്വകാര്യ ബസിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം ഈ സംഭവം നടന്നത്.
വരിയായി കാത്തുനിന്ന വിദ്യാർത്ഥികളിൽ വെറും മൂന്നോ നാലോ പേരെ മാത്രമാണ് കണ്ടക്ടർ ബസിനകത്തേക്ക് കയറ്റിയത്. ബാക്കിയുണ്ടായിരുന്ന അഞ്ച് വിദ്യാർത്ഥികളോട് കയറാൻ കഴിയില്ലെന്ന് കണ്ടക്ടർ തറപ്പിച്ചു പറയുകയായിരുന്നു. തങ്ങളെക്കൂടി ബസ്സിൽ കയറ്റണമെന്ന് ഒരു വിദ്യാർത്ഥി കണ്ടക്ടറുടെ മുന്നിൽ നിസ്സഹായനായി കൈകൂപ്പി അപേക്ഷിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. ഒടുവിൽ കുട്ടികളെ വഴിയിൽ ഉപേക്ഷിച്ച് ബസ് യാത്ര തുടരുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് നിലവിൽ പരാതി നൽകിയിട്ടുണ്ട്.
കെഎസ്ആർടിസി ബസുകളിൽ വനിതകൾക്കായി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ തങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കാട്ടി സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണോ വിദ്യാർത്ഥികളോട് ഈ വിവേചനം കാണിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. ബസ് കൺസഷൻ എന്നത് വിദ്യാർത്ഥികൾ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണെന്നും, കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന ബസ് ജീവനക്കാരുടെ നടപടിക്കെതിരെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധം ഉയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി.