കോവിഡ് പ്രതിസന്ധികൾക്ക് ശേഷം ലോകമെമ്പാടും യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായതോടെ, ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 (Airbus A380) വീണ്ടും ആകാശത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. ഇന്ധനക്ഷമത കൂടിയ ചെറിയ വിമാനങ്ങളുടെ വരവോടെ 2019-ൽ നിർമ്മാണം നിർത്തിവെക്കുകയും, കോവിഡ് കാലത്ത് പല കമ്പനികളും പൂർണ്ണമായി ഉപേക്ഷിക്കുകയും ചെയ്ത ഈ ഭീമൻ വിമാനങ്ങളെ ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ് തുടങ്ങിയ പ്രമുഖ എയർലൈനുകൾ ഇപ്പോൾ വീണ്ടും സർവീസിലേക്ക് തിരികെ കൊണ്ടുവരികയാണ്.
മുപ്പതോളം രാജ്യങ്ങളിലെ 1500 കമ്പനികളിൽ നിന്നുള്ള 40 ലക്ഷത്തോളം ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഈ അത്ഭുത വിമാനം നിർമ്മിച്ചിരിക്കുന്നത്. ഒരു ഫുട്ബോൾ ഗ്രൗണ്ടിനേക്കാൾ വീതിയുള്ള ചിറകുകളും, 575 ടൺ ഭാരവുമുള്ള എ380 വിമാനത്തിന്റെ പെയിന്റിംഗിന് മാത്രം 531 കിലോഗ്രാം ഭാരമുണ്ട്. 22 ടയറുകളുള്ള ഈ ഭീമൻ വിമാനത്തെ ഉൾക്കൊള്ളാൻ ലോകമെമ്പാടുമുള്ള വലിയ എയർപോർട്ടുകൾ കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് റൺവേകളും ഡബിൾ ഡെക്കർ ബോർഡിംഗ് ഗേറ്റുകളും നവീകരിച്ചത്.
ഇരുനിലകളിലായി 5900 ചതുരശ്ര അടി സ്ഥലമുള്ള ഈ വിമാനത്തിനുള്ളിൽ ഷവർ ബാത്റൂമുകൾ, ലക്ഷ്വറി ബാർ, പ്രൈവറ്റ് അപ്പാർട്ട്മെന്റുകൾ തുടങ്ങിയ അത്യാഡംബര സൗകര്യങ്ങളാണ് എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ എയർലൈനുകൾ ഒരുക്കിയിരിക്കുന്നത്. എയർബസ് കമ്പനിക്ക് ഈ പ്രൊജക്റ്റ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ആകെ 251 വിമാനങ്ങൾ മാത്രം വിൽക്കാൻ സാധിക്കുകയും ചെയ്‌തെങ്കിലും, യാത്രക്കാരുടെ എണ്ണക്കൂടുതൽ കാരണം എമിറേറ്റ്‌സ് തങ്ങളുടെ എ380 വിമാനങ്ങൾ 2030-ന് ശേഷവും സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.