ആഗോള കോർപ്പറേറ്റ് ലോകത്തെയും ഓഹരി വിപണികളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരൻ എന്ന പദവി വീണ്ടും തിരിച്ചുപിടിച്ചു. ഫോബ്‌സിന്റെ പുതിയ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഒറ്റ ദിവസം കൊണ്ട് അദാനിയുടെ ആസ്തിയിൽ 250 കോടി ഡോളറിന്റെ (ഏകദേശം 21,000 കോടി രൂപ) വൻ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 89.2 ബില്യൺ ഡോളർ ആസ്തിയുമായി അദാനി ഒന്നാമതെത്തിയപ്പോൾ, 88 ബില്യൺ ഡോളറുള്ള റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി തൊട്ടുപിന്നിലായി.
ജപ്പാനിലെ സോഫ്റ്റ് ബാങ്ക് തലവൻ മസായോഷി സൺ (87 ബില്യൺ ഡോളർ), ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസ് സ്ഥാപകൻ യാങ് ഷിമിം (ഷാങ് യീമിങ്) എന്നിവരെയും പിന്നിലാക്കിയാണ് അദാനിയുടെ ഈ കുതിപ്പ്. അദാനി ഗ്രീൻ എനർജി, അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അദാനി പോർട്സ്, അദാനി പവർ തുടങ്ങിയ കമ്പനികളുടെ ഓഹരി വിലയിലുണ്ടായ വൻ മുന്നേറ്റമാണ് അദാനിക്ക് തുണയായത്. നിലവിൽ അദാനി ഗ്രൂപ്പിന്റെ പ്രധാന ആറ് കമ്പനികളുടെ ആകെ വിപണി മൂല്യം 191 ബില്യൺ ഡോളർ (ഏകദേശം 16 ലക്ഷം കോടി രൂപയിലധികം) പിന്നിട്ടിരിക്കുകയാണ്.
ഹിന്റൻബർഗ് റിസർച്ചിന്റെ ഓഹരി കൃത്രിമത്വ ആരോപണങ്ങളും അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കൊണ്ടുവന്ന അഴിമതി ആരോപണങ്ങളും കാരണം മുൻപ് ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുനിന്ന് ഇരുപതാം സ്ഥാനത്തിന് പുറത്തേക്ക് വരെ അദാനി വീണിരുന്നു. എന്നാൽ കഴിഞ്ഞ മാസം അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അദാനി ഗ്രൂപ്പിനെതിരെയുള്ള വഞ്ചനാക്കുറ്റങ്ങൾ ഔദ്യോഗികമായി തള്ളിക്കളഞ്ഞതോടെയാണ് അദാനിയുടെ അവിശ്വസനീയമായ തിരിച്ചുവരവ് ആരംഭിച്ചത്. കുറ്റാരോപണങ്ങൾ ഒഴിഞ്ഞതിന് ശേഷം മാത്രം അദാനിയുടെ വ്യക്തിഗത ആസ്തിയിൽ 10 ബില്യൺ ഡോളറിന്റെ വർധനവാണ് ഉണ്ടായത്.