വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനുകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കൃത്യമായ നിയമങ്ങളുണ്ട്. ചില വലിയ മാറ്റങ്ങൾക്ക് ആർസി ബുക്കിൽ (Registration Certificate) നിർബന്ധമായും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ, മറ്റു ചില ചെറിയ മാറ്റങ്ങളും അലങ്കാരങ്ങളും ആർസി ബുക്കിൽ മാറ്റം വരുത്താതെ തന്നെ നിയമപരമായി ചെയ്യാൻ സാധിക്കും.
വാഹനത്തിന്റെ നിറം മാറ്റുക, എഞ്ചിൻ മാറ്റിസ്ഥാപിക്കുക, എൽപിജി അല്ലെങ്കിൽ സിഎൻജി കിറ്റ് ഘടിപ്പിക്കുക, വാഹനം ഇലക്ട്രിക് വാഹനമാക്കി മാറ്റുക, ഭിന്നശേഷി സൗഹൃദ വാഹനമാക്കി മാറ്റുക, ഷാസി ഫ്രെയിം മാറ്റുക എന്നിവയ്ക്ക് ആർസി ബുക്കിൽ കൃത്യമായി മാറ്റം വരുത്തേണ്ടതുണ്ട്. ഇത്തരം വലിയ മോഡിഫിക്കേഷനുകൾ നിയമപരമായ അനുമതിയോടെ മാത്രമേ ചെയ്യാൻ പാടുള്ളൂ.
എന്നാൽ സീറ്റ് കവർ, ഫ്ലോർ മാറ്റ്, സ്റ്റിയറിങ് വീൽ കവർ, ക്രോം ഗാർണിഷുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ, ബോഡി സ്റ്റിക്കറുകൾ എന്നിവ ആർസി മാറ്റാതെ തന്നെ ചെയ്യാവുന്നതാണ്. കൂടാതെ ഡാഷ് ക്യാമറ, റിവേഴ്സ് ക്യാമറ, പാർക്കിങ് സെൻസറുകൾ, ജിപിഎസ് ട്രാക്കർ, ആൻഡ്രോയിഡ് ഇൻഫോടൈൻമെന്റ് സിസ്റ്റം, അഡീഷണൽ സ്പീക്കറുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ടോ ഹുക്കുകൾ, റൂഫ് കാരിയർ എന്നിവയും നിയമപരമായി ഉപയോഗിക്കാം. അതേസമയം, 50 ശതമാനം സുദാര്യമായ സൺഫിലിം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദ്ദേശങ്ങൾ വരുന്നുണ്ടെങ്കിലും ഇതിൽ പൂർണ്ണമായ നിയമപരമായ ഉറപ്പില്ലാത്തതിനാൽ നിലവിലെ ട്രാഫിക് നിയമങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.