ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയും സംവിധായകനുമായ അഖിൽ മാരാർ തന്റെ പ്രതിമാസ ചെലവുകളെക്കുറിച്ചും കൊച്ചിയിലെ ജീവിതരീതിയെക്കുറിച്ചും തുറന്നുപറയുന്നു. ഭാര്യ രാജലക്ഷ്മിയോടൊപ്പമുള്ള പുതിയ അഭിമുഖത്തിലാണ് തനിക്ക് കൊച്ചിയിൽ ജീവിക്കാൻ മാസം ഒന്നര ലക്ഷത്തോളം രൂപ ചെലവുവരുമെന്ന് അഖിൽ വെളിപ്പെടുത്തിയത്. വരുമാനമില്ലാതിരുന്ന കാലത്ത് സുഹൃത്തുക്കൾ നൽകിയ പിന്തുണയെക്കുറിച്ചും താരം ഈ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട്.
തന്റെ പ്രതിമാസ ചെലവുകളുടെ കൃത്യമായ കണക്കുകൾ അഖിൽ മാരാർ വ്യക്തമാക്കുന്നുണ്ട്. വണ്ടിയുടെ ലോൺ ഇനത്തിൽ (സിസി) 32,000 രൂപയും ഫ്ലാറ്റ് വാടകയായി 22,000 രൂപയും നൽകണം. ഇതിനുപുറമേ കഥ എഴുതുന്നതിനായി മാത്രം മുകളിൽ മറ്റൊരു ഫ്ലാറ്റ് 10,000 രൂപയ്ക്ക് വാടകയ്ക്ക് എടുത്തിട്ടുണ്ട്. ടൈഗർ പ്രോൺസ്, നെയ്മീൻ തുടങ്ങിയ വിലകൂടിയ മീനുകൾ മാത്രമേ വാങ്ങാറുള്ളൂ എന്നും അത്യാവശ്യം പോഷ് ആയ ജീവിതരീതിയാണ് തന്റേതെന്നും അഖിൽ പറയുന്നു.
ഭക്ഷണ കാര്യത്തിലെ തന്റെ വ്യത്യസ്തമായ പരീക്ഷണങ്ങളെക്കുറിച്ചും അഖിൽ സംസാരിച്ചു. പുട്ടും പഴവും മീൻ അച്ചാറും കൂട്ടി കഴിക്കുന്നതും, ചപ്പാത്തിയും പഴവും കഴിക്കുന്നതുമെല്ലാം തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണെന്ന് താരം വെളിപ്പെടുത്തി. ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ അഖിൽ മാരാർ, ബിഗ് ബോസിലേക്ക് എത്തുന്നതിന് മുൻപ് കൊച്ചിയിൽ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചും സുഹൃത്തുക്കളായ ഹരീഷും കാനഡയിലുള്ള അനീഷും നൽകിയ സാമ്പത്തിക സഹായങ്ങളെക്കുറിച്ചും നന്ദിയോടെ ഓർക്കുന്നു.