ആലപ്പുഴ ബീച്ചിൽ നടന്ന കാർണിവലിലെ പ്രധാന ആകർഷണമായിരുന്ന ‘വണ്ടർഫോൾസ്’ കൃത്രിമ വെള്ളച്ചാട്ടത്തിൽ ഉപയോഗിച്ചത് മനുഷ്യവിസർജ്യം കലർന്ന മലിനജലമെന്ന് കണ്ടെത്തൽ. കായൽ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ നടത്തിയ പരിശോധനയിൽ വെള്ളച്ചാട്ടത്തിനായി ഉപയോഗിച്ച ഭൂഗർഭജലത്തിൽ വൻതോതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇത് ആയിരക്കണക്കിന് സന്ദർശകരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്.
ബീച്ചിലെ മണൽപരപ്പിൽ തീർത്തും അശാസ്ത്രീയവും നിയമവിരുദ്ധവുമായി നിർമ്മിച്ച കുഴികക്കൂസുകളിൽ നിന്നുള്ള മാലിന്യമാണ് സമീപത്തെ ഭൂഗർഭജലത്തിൽ കലർന്നത്. സെപ്റ്റിക് ടാങ്കുകൾക്ക് പകരം റിങ്ങുകൾ ഇറക്കി നിർമ്മിച്ച ഈ കുഴികളിൽ നിന്നുള്ള വിസർജ്യം മണ്ണിലേക്ക് നേരിട്ട് ഇറങ്ങുകയും, തൊട്ടടുത്തുള്ള കുഴൽക്കിണർ വഴി ഈ വെള്ളം വെള്ളച്ചാട്ടത്തിനായി പമ്പ് ചെയ്യുകയുമായിരുന്നു. കായൽ ഗവേഷണ കേന്ദ്രത്തിലെ ഡോ. പത്മകുമാർ, അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ക്യൂനോ എന്നിവരടങ്ങുന്ന സംഘമാണ് ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയത്.
സാധാരണഗതിയിൽ നേരിയ സാന്നിധ്യം പോലും അപകടകരമായി കണക്കാക്കാവുന്ന സ്ഥാനത്ത്, ഇവിടെ 100 മില്ലിലിറ്റർ ജലത്തിൽ ആയിരം കോളിഫോം ബാക്ടീരിയകൾ എന്ന ഞെട്ടിക്കുന്ന അളവിലാണ് കണ്ടെത്തിയിട്ടുള്ളത്. ഒരാൾക്ക് 190 രൂപ ടിക്കറ്റ് നിരക്കിൽ കഴിഞ്ഞ രണ്ടു മാസമായി നടന്ന കാർണിവലിൽ കുട്ടികളടക്കം നിരവധി പേരാണ് ഈ വെള്ളച്ചാട്ടത്തിൽ കുളിച്ചത്. ഈ വെള്ളം ഉപയോഗിച്ച ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. സിആർഇസഡ്-1 (CRZ-1) പരിധിയിൽ വരുന്ന കടൽത്തീരത്ത് നിയമം ലംഘിച്ചായിരുന്നു ഈ നിർമ്മാണങ്ങളെല്ലാം നടത്തിയത്.