Thanks for watching! Content unlocked for this session.

അനുപമ വളരെ സുരക്ഷിതമായി നടന്നു നീങ്ങിയിട്ടും അപകടം പതുങ്ങിയിരുന്നു..!

ടെക്നോപാർക്ക് ജീവനക്കാരിയായ അനുപമ (26) വിതുരയിലെ താവക്കൽ കടവിൽ മുങ്ങി മരിച്ചു. പൊന്മുടിയിലേക്കുള്ള യാത്രയ്ക്കിടെ സുഹൃത്തുക്കളോടൊപ്പം താവക്കൽ വെള്ളച്ചാട്ടം കാണാൻ ഇറങ്ങിയതായിരുന്നു അനുപമ. പാറകളിൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ അനുപമയും നാല് യുവതികളും നാല് യുവാക്കളും ഇരുചക്ര വാഹനങ്ങളിൽ പൊന്മുടിയിലേക്ക് തിരിച്ചു. വിതുരയിൽ എത്തിയ ഇവർ ചന്തമുക്ക് ജംഗ്ഷൻ തിരിഞ്ഞ് താവക്കൽ കടവ് സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. തീരത്ത് വാഹനങ്ങൾ നിർത്തിയ ശേഷം എല്ലാവരും കടവിലേക്ക് ഇറങ്ങി വെള്ളച്ചാട്ടത്തോട് ചേർന്നുള്ള പാറക്കെട്ടുകളിൽ കയറി.

അനുപമയും സുഹൃത്ത് ശ്രുതിയും ആറ്റിലെ പാറകളിൽ ചവിട്ടി മുന്നോട്ട് നടക്കുന്നതിനിടെ പാറയിൽ വഴുതി ഇരുവരും വെള്ളത്തിൽ വീഴുകയായിരുന്നു. ശ്രുതിയെ സുഹൃത്തുക്കൾ കരക്ക് കയറ്റിയെങ്കിലും ഒഴുകിപ്പോയ അനുപമ വെള്ളച്ചാട്ടത്തിൽ മുങ്ങി താഴ്ന്നു. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അനുപമയെ കരക്കെത്തിച്ചു. ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ സുമേതന്റെയും പ്രിയയുടെയും മകളാണ് അനുപമ. പഠിക്കാൻ മിടുക്കിയായിരുന്ന അനുപമ അവിവാഹിതയാണ്. സഹോദരൻ വൈശാഖൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് മുട്ടത്തറ മോക്ഷികവാടത്തിൽ നടന്നു.

ചിരിച്ചും കളിച്ചും യാത്ര ചെയ്തവരിൽ ഒരാൾ കൺമുന്നിൽ മുങ്ങി താഴുന്നത് കണ്ടതിന്റെ ഞെട്ടിലിലാണ് അനുപമയുടെ സുഹൃത്തുക്കൾ. തെളിഞ്ഞ നീരൊഴുക്കിൽ ഒളിഞ്ഞിരിക്കുന്ന അപകടക്കയങ്ങളും പാറകളിലെ വഴുക്കലും തിരിച്ചറിയാതെയാണ് ഇവർ കടവിലേക്ക് ഇറങ്ങിയത്. അവധി ദിവസങ്ങളിൽ നിരവധി സന്ദർശകർ എത്തുന്ന താവക്കലിൽ സുരക്ഷിത ടൂറിസം പദ്ധതിയും നീന്തൽ പരിശീലനം ലഭിച്ച ഗൈഡുകളെയും സുരക്ഷ ബോർഡുകളും ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.