Thanks for watching! Content unlocked for this session.

സുഹൃത്തുക്കളുടെ കൺമുന്നിൽ അനുപമയ്ക്ക് സംഭവിച്ചത് | താവക്കൽ വെള്ളച്ചാട്ടം

നാല് ബൈക്കുകളിലായി ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന എട്ടു പേരുടെ അടിച്ചുപൊളിച്ചുള്ള ഒരു യാത്ര. പക്ഷേ ആ സന്തോഷങ്ങളെല്ലാം കെട്ടടങ്ങിയത് ഒരു നിമിഷം കൊണ്ടാണ്. അവിടെ നഷ്ടപ്പെട്ടതാകട്ടെ ഒരു 26 കാരിയുടെ ജീവനും.

ചിരിച്ചുകളിച്ച് യാത്ര ചെയ്തവരിൽ ഒരാൾ കൺമുന്നിൽ മുങ്ങിത്താഴുന്നത് കണ്ടതിന്റെ ഞെട്ടൽ ഇപ്പോഴും അനുപമയുടെ സുഹൃത്തുക്കൾക്ക് വിട്ടുമാറിയിട്ടില്ല.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് അനുപമയടക്കം നാല് യുവതികളും നാല് യുവാക്കളും അടങ്ങുന്ന സംഘം ഇരുചക്ര വാഹനങ്ങളിൽ പൊന്മുടിയിലേക്ക് യാത്ര തിരിച്ചത്. വിതുരയിൽ എത്തിയ ഇവർ ചന്തമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് താവക്കൽ കടവ് സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു.

വാഹനങ്ങൾ നിർത്തിയ ശേഷം എല്ലാവരും കടവിലേക്ക് ഇറങ്ങുകയും വെള്ളച്ചാട്ടത്തിനോട് ചേർന്ന് പാറക്കെട്ടിൽ കയറുകയും ചെയ്തു. അനുപമയും സുഹൃത്ത് ശ്രുതിയും ആറ്റിലെ പാറകളിൽ ചവിട്ടി മുന്നോട്ടു നടന്നു. ഇതിനിടയിലാണ് പാറയിൽ വഴുതി ശ്രുതി വെള്ളത്തിലേക്ക് വീഴുന്നത്. ഉടനെ തന്നെ ശ്രുതിയെ രക്ഷിക്കാനായി അനുപമയും വെള്ളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

ശ്രുതിയെ പിന്നീട് സുഹൃത്തുക്കൾ ചേർന്ന് കരക്കു കയറ്റിയെങ്കിലും ഒഴുകിപ്പോയ അനുപമ വെള്ളച്ചാട്ടത്തിൽ മുങ്ങിത്താഴ്ന്നു. ഒപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തുണ്ടായിരുന്നവരാണ് പിന്നീട് അനുപമയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

താവക്കൽ വെള്ളച്ചാട്ടത്തെ കുറിച്ച് കേട്ടറിഞ്ഞവർ യാത്രക്കിടെ കടവിലേക്ക് എത്തുകയായിരുന്നു. തെളിഞ്ഞ നീരൊഴുക്കിൽ ഒളിഞ്ഞിരിക്കുന്ന അപകടക്കയങ്ങളും പാറകളിലെ വഴുക്കലും തിരിച്ചറിയാതെ സംഘം കടവിലേക്ക് ഇറങ്ങുകയും ചെയ്തു. ഇതാണ് അപകടം വരുത്തി വെച്ചത്. വഴുക്കലുള്ള പാറയും ഒഴുക്കിലെ ശക്തിയുമാണ് ഇവിടെ അപകടം വിളിച്ചുവരുത്തുന്നത്.

പാറക്കെട്ടിന് താഴെ രണ്ട് അപകടകുഴികളും മാറ്റിലുണ്ട്. ഇതിൽ അകപ്പെട്ടാൽ രക്ഷാപ്രവർത്തനം പോലും അസാധ്യമാണെന്ന് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മരണപ്പെട്ട അനുപമ അവിവാഹിതയാണ്. പ്രിയയാണ് മാതാവ്. വൈശാഖൻ സഹോദരനുമാണ്. അനുപമയുടെ സംസ്കാരം മുട്ടത്തറ മോക്ഷകവാടത്തിൽ വെച്ച് നടന്നു.