അഴീക്കോട് ∙ കൂട്ടുകാരെല്ലാം ഒത്തുചേർന്ന് ആരവമുയർത്തിയ മൈതാനം പൊടുന്നനെയാണ് ശോകമൂകമായത്. മൈതാനത്ത് ചിതറിക്കിടക്കുന്ന ചെരിപ്പുകൾ, ഫുട്ബോൾ, പടക്കത്തിന്റെ തെറിച്ചുവീണ അവശിഷ്ടങ്ങൾ… കണ്ടുനിന്നവരെയെല്ലാം നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. പുന്നക്കപ്പാറയിൽ നിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു എതിർവശത്തെ മൈതാനത്ത് കളിക്കുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് 9 വയസ്സുകാരൻ അമാൻ മരിച്ചതിന്റെ വേദനയിലാണ് നാടൊന്നാകെ.
അഴീക്കോട് പുന്നക്കപ്പാറ പാറപ്പുറത്ത് കുഞ്ഞിക്കിഴക്കേയിൽ ഉബൈദ്–റംസീന ദമ്പതികളുടെ മകൻ പി.കെ.അമാനാണ് മരിച്ചത്. സഹോദരൻ അൻഫാൽ (12), സുഹൃത്തുക്കളായ ബദാവി (7), സൽമാനുൽ ഫാരിസ് (12) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വേനലവധിക്കാലം തുടങ്ങിയ ശേഷം രാവിലെയും വൈകിട്ടും അമാനും സുഹൃത്തുക്കളും ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കാറുണ്ടായിരുന്നു. സഹോദരൻ അൻഫാലിനൊപ്പം ഇന്നലെ രാവിലെ പതിവുപോലെ വീട്ടിൽനിന്നും കളിക്കാൻ ഇറങ്ങിയതായിരുന്നു അമാൻ. വിവിധയിടങ്ങളിൽ നിന്നും ശേഖരിച്ച പൊട്ടാത്ത പടക്കങ്ങളുമായി മൈതാനത്തെത്തി കുറ്റിയിൽ നിറച്ച് തീകൊളുത്തി. ഇതോടെ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പരിഭ്രാന്തരായ കുട്ടികൾ എന്താണ് സംഭവിച്ചതെന്നറിയാതെ ചിതറിയോടി. ശബ്ദം കേട്ട് പരിസരത്തെ വീടുകളിലെ സ്ത്രീകൾ ഗ്രൗണ്ടിലെത്തി നോക്കിയപ്പോൾ രക്തത്തിൽ കുളിച്ച് ചെളിവെള്ളത്തിൽ കിടക്കുന്ന അമാനെയാണ് കണ്ടത്. ഓടിയെത്തിയ അഗ്നിരക്ഷാസേനയിലെ റിട്ട. ഉദ്യോഗസ്ഥൻ ടി.മുസ്തഫ അമാനെയെടുത്ത് റോഡിലേക്കോടി. മുസ്തഫയും സ്ഥലത്തെത്തിയ പരിസരവാസിയായ മത്സ്യത്തൊഴിലാളി വി.പി.പ്രശാന്തും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞദിവസം അയൽവീട്ടിൽ വിവാഹത്തോടനുബന്ധിച്ച് പടക്കംപൊട്ടിച്ചിരുന്നു. ഇവിടെനിന്നും തിരഞ്ഞെടുപ്പ് അഹ്ലാദപ്രകടനങ്ങളിലെയും പൊട്ടാത്തപടക്കങ്ങൾ പെറുക്കി അവയിലെ വെടിമരുന്ന് കുട്ടികൾ ശേഖരിച്ചു. പിറന്നാൾ ആഘോഷങ്ങൾക്കുംമറ്റും ഉപയോഗിക്കുന്ന പോപ്പറിന്റെ കുറ്റിയിൽ വെടിമരുന്ന് നിറച്ചു. കുറ്റി മൈതാനത്തെ ചെങ്കല്ലുകൾക്കിടയിൽവച്ച് തീകൊളുത്തുകയായിരുന്നു. ചെങ്കല്ലുൾപ്പെടെ പൊട്ടിത്തെറിച്ചു. അമാന് മുഖത്താണു പരുക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കെ.വി.സുമേഷ് എംഎൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പ്രശാന്തൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം വൻകുളത്തുവയൽ ജുമാമസ്ജിദിൽ കബറടക്കി.