ചില ജീവികൾ വീട്ടിൽ കടന്നുവരുന്നത് കുടുംബ ദേവത അയക്കുന്ന സൂചനകളായി കണക്കാക്കപ്പെടുന്നു. കറുത്ത വണ്ടുകളും തവളകളും അത്തരം ജീവികളിൽ പെടുന്നു. ചില ജീവികൾ സൗഭാഗ്യത്തിന്റെ ലക്ഷണമാണെങ്കിൽ, മറ്റുചിലത് ദൗർഭാഗ്യത്തെയും സങ്കടങ്ങളെയും സൂചിപ്പിക്കുന്നു.
വീട്ടിൽ കറുത്ത വണ്ട് കടന്നുവന്നാൽ അത് ദൃഷ്ടിദോഷത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് ആ വണ്ട് ഒരു വ്യക്തിയുടെ ദേഹത്ത് വന്നിരിക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് കണ്ണേറ് ബാധിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. ഏത് ദിശയിൽ നിന്നാണോ വണ്ട് വരുന്നത്, ആ ദിശയിലുള്ള ആളുകളാണ് ദോഷം ചെയ്തതെന്നും മനസ്സിലാക്കാം. വണ്ടിനെ അടിച്ചുകൊല്ലരുത്, വിരട്ടി പായിച്ചാൽ മതി. വീടും പരിസരവും വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും കലർത്തിയ വെള്ളം തളിക്കണം. കുടുംബ ക്ഷേത്രവും ദേശദേവതാ ക്ഷേത്രവും സന്ദർശിക്കുകയും കർപ്പൂരം, സാമ്പ്രാണി എന്നിവ കത്തിക്കുകയും വേണം.
തവളകൾ വീട്ടിലേക്ക് ആവർത്തിച്ച് കടന്നുവരുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇത് ദാരിദ്ര്യം, രോഗം, നെഗറ്റീവ് വൈബ്രേഷൻ എന്നിവയെ സൂചിപ്പിക്കുന്നു. കൂടാതെ, തവളകൾ ഉള്ളിടത്ത് പാമ്പ് വരാനുള്ള സാധ്യത കൂടുതലാണ്. ഒറ്റത്തവണ വന്നാൽ കുഴപ്പമില്ല, പക്ഷേ ഇടയ്ക്കിടെ വന്നാൽ ശ്രദ്ധിക്കണം. വീട് വൃത്തിയാക്കുക, ക്ഷേത്രദർശനം നടത്തുക, നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുക എന്നിവയാണ് പ്രതിവിധികൾ. പ്രധാന വാതിലിൽ മഞ്ഞൾ തിലകം ചാർത്തുന്ന പതിവ് ദോഷങ്ങളെ അകറ്റാനും മഹാലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാനും സഹായിക്കുന്നു.