മുഖ്യമന്ത്രി വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘മേനോൻ’ എന്ന ജാതിപ്പേര് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ബിആർഎം ഷഫീർ രംഗത്തെത്തി. രാഷ്ട്രീയ കേന്ദ്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചകൾക്കാണ് ഈ വിഷയം വഴിവെച്ചിരിക്കുന്നത്.
വടശ്ശേരി വിലാസിനി അമ്മയുടെയും കെ ദാമോദരമേനോന്റെയും മകനായ വിഡി സതീശൻ ഇത്തവണ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘വടശ്ശേരി ദാമോദരമേനോൻ സതീശൻ’ എന്ന് ജാതിപ്പേരുകൂടി ഉൾപ്പെടുത്തിയാണ് പേര് ഉച്ചരിച്ചത്. മുൻപ് നടത്തിയ സത്യപ്രതിജ്ഞകളിൽ ഒരിടത്തും ഈ പേര് ഉപയോഗിച്ചിരുന്നില്ല എന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്.
പഴയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് ഷഫീർ തന്റെ നിലപാട് വ്യക്തമാക്കിയത്. ഔദ്യോഗിക രേഖകളിൽ എല്ലായ്പ്പോഴും ‘ദാമോദരമേനോൻ’ എന്ന പൂർണ്ണരൂപം തന്നെയാണ് ഉള്ളതെന്നും, നമ്പൂതിരിപ്പാട്, നായനാർ തുടങ്ങിയവ ജാതിപ്പേരുകൾ തന്നെയാണെന്നും ആദരണീയനായ ഹർകിഷൻ സിംഗ് സുർജിത്ത് മരണം വരെ ടർബൻ തലയിൽ കെട്ടിയിരുന്നതും ഓർമ്മിപ്പിച്ചുകൊണ്ടാണ് ഷഫീറിന്റെ കുറിപ്പ് അവസാനിക്കുന്നത്.