ഇന്ത്യയിലെ സെൻസസ് 2026 നടപടികൾക്ക് ഔദ്യോഗികമായി തുടക്കമായിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള പതിനാറാമത്തെ സെൻസസും രാജ്യത്തെ ആദ്യ പൂർണ ഡിജിറ്റൽ സെൻസസുമാണ് ഇത്തവണത്തേത്. 2011ലായിരുന്നു അവസാനമായി സെൻസസ് നടന്നത്. കോവിഡ് പ്രതിസന്ധി കാരണം 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കുകയായിരുന്നു.
രണ്ടു ഘട്ടമായിട്ടാണ് സെൻസസ് നടക്കുന്നത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ആദ്യഘട്ടം ഭവന സെൻസസ് ആണ്. വീടുകളിലെ സൗകര്യങ്ങൾ — വൈദ്യുതി, ഗ്യാസ് കണക്ഷൻ, മൊബൈൽ ഫോൺ, ടെലിവിഷൻ, ജലസൗകര്യം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ ശേഖരിക്കുന്നത്. കുടുംബങ്ങളുടെ സാമൂഹിക ഭൗതിക പശ്ചാത്തലത്തിന്റെ കണക്കെടുപ്പാണിത്.
രണ്ടാം ഘട്ടം ജനസംഖ്യാ കണക്കെടുപ്പാണ്, അതിൽ ജനസംഖ്യയുടെയും ജനസംഖ്യാ ഘടനയുടെയും വിശദമായ കണക്കുകൾ ശേഖരിക്കും.
ഇത്തവണത്തെ സെൻസസിന്റെ ഏറ്റവും വലിയ പ്രത്യേകത സെൽഫ് എന്യൂമറേഷൻ സൗകര്യമാണ്. ഉദ്യോഗസ്ഥർ വീട്ടിൽ എത്തുന്നതുവരെ കാത്തിരിക്കാതെ തന്നെ നമുക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി നൽകാം. ജൂൺ 16 മുതൽ ജൂൺ 30 വരെ ആണ് ഈ സൗകര്യം ലഭ്യമാകുക.
പ്രക്രിയ പൂർത്തിയാക്കാൻ ഏകദേശം 15 മുതൽ 20 മിനിറ്റ് മതി. ഒരു കുടുംബത്തിൽ ഒരാൾ ചെയ്താൽ മതി. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
സ്വയം വിവരങ്ങൾ സമർപ്പിച്ചാൽ പിന്നീട് ഉദ്യോഗസ്ഥർ വീട്ടിൽ എത്തുമ്പോൾ അവ ഒത്തുനോക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഇത് മുഴുവൻ പ്രക്രിയയും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ആക്കും.
സെൻസസ് എന്നത് ജനസംഖ്യാ കണക്കെടുപ്പ് മാത്രമല്ല. രാജ്യത്തെ വിഭവങ്ങളുടെയും ഭൗതിക സാഹചര്യങ്ങളുടെയും കൃത്യമായ കണക്കെടുപ്പാണ്. ആരു ഭരിച്ചാലും സർക്കാരുകൾക്ക് കൃത്യമായ നയപരിപാടികളും ജനങ്ങൾക്ക് വേണ്ട വികസന പദ്ധതികളും രൂപപ്പെടുത്തുന്നതിൽ ഏറ്റവും നിർണായകമാണ് ഈ കണക്കുകൾ.
സെൻസസ് 2026 ന്റെ പ്രത്യേകതകൾ:
പൊതുജനങ്ങൾ സജീവമായി പങ്കെടുത്ത് കൃത്യമായ വിവരങ്ങൾ നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. പൊതുസേവനങ്ങളുടെയും വികസന പദ്ധതികളുടെയും ഗുണനിലവാരം സെൻസസ് വിവരങ്ങളുടെ കൃത്യതയെ ആശ്രയിച്ചിരിക്കുന്നു. ജൂൺ 30 ന് ശേഷം സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കാത്തവർക്ക് ഉദ്യോഗസ്ഥർ നേരിട്ട് വന്ന് വിവരം ശേഖരിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.