സംസ്ഥാനത്തെ പുതിയ കോൺഗ്രസ് സർക്കാർ പോലീസ് വകുപ്പിൽ വൻ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം, മുൻ പിണറായി സർക്കാർ കൊണ്ടുവന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) സമ്പ്രദായം പൂർണമായും ഉടച്ചുവാർക്കാൻ തീരുമാനിച്ചു. ഈ സമ്പ്രദായത്തിൽ സർക്കിൾ ഇൻസ്പെക്ടർമാർക്കായിരുന്നു സ്റ്റേഷൻ ചുമതല.
പുതിയ നയമനുസരിച്ച്, പ്രതിവർഷം 3000-ത്തിലധികം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്ന വലിയ സ്റ്റേഷനുകളിൽ മാത്രമേ ഇൻസ്പെക്ടർമാർ എസ്എച്ച്ഒ ആയി തുടരൂ. ആയിരത്തിൽ താഴെ എഫ്ഐആർ വരുന്ന ചെറിയ സ്റ്റേഷനുകളുടെ ചുമതല സബ് ഇൻസ്പെക്ടർമാർക്ക് തിരികെ നൽകും. ഇതോടെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന പഴയ സംവിധാനം വീണ്ടും നിലവിൽ വരും.
ഒഴിവാകുന്ന സർക്കിൾ ഇൻസ്പെക്ടർമാരെ സൈബർ ക്രൈം, പോക്സോ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലേക്ക് മാറ്റും. ലഹരി മാഫിയ, വട്ടിപ്പലിശക്കാർ, ഗുണ്ടാ സംഘങ്ങൾ എന്നിവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയും ആഭ്യന്തര മന്ത്രി നിർദ്ദേശിച്ചു. ഡിജിപിയുടെ നേതൃത്വത്തിൽ 20 കർമ്മ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പോലീസിന്റെ നിഷ്പക്ഷതയും ജനവിശ്വാസവും വീണ്ടെടുക്കുകയാണ് ലക്ഷ്യം.