കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ ഒരു സംഭവം പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയായി മാറിയിരിക്കുന്നു. കൊല്ലം എംഎൽഎ ബിന്ദുകൃഷ്ണയും മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പും തമ്മിലുള്ള സംഭവമാണ് വിവാദങ്ങൾക്ക് കാരണം.
ഇന്ദിരാഭവനിൽ വെച്ച് കോൺഗ്രസിന്റെ നിയമസഭാ കക്ഷി യോഗം നടക്കുന്നതിനിടയിലായിരുന്നു സംഭവം. മാധ്യമങ്ങളോട് സംസാരിച്ച ശേഷം അകത്തേക്ക് നടന്നു പോവുകയായിരുന്നു ബിന്ദുകൃഷ്ണ. ഈ സമയം അവിടെ ഉണ്ടായിരുന്ന ചെറിയാൻ ഫിലിപ്പ് അവർ സൗഹൃദപൂർവ്വം കൈ കൊടുക്കാൻ ശ്രമിച്ചു. എന്നാൽ ഷേക്ക് ഹാൻഡ് നൽകുന്നതിനു പകരം ചെറിയാൻ ഫിലിപ്പ് അവരെ ചേർത്തു പിടിച്ച് ആലിംഗനം ചെയ്യാൻ മുതിരുകയായിരുന്നു. പെട്ടെന്നുള്ള ഈ നീക്കത്തിൽ ബിന്ദുകൃഷ്ണ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അവർ മുഖം തിരിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെറിയാൻ ഫിലിപ്പിന്റെ കൈ ശക്തമായി തട്ടി മാറ്റുകയും ചെയ്തു.
എന്നാൽ ബിന്ദുകൃഷ്ണയുടെ വിയോജിപ്പ് വകവയക്കാതെ അദ്ദേഹം വീണ്ടും അവരെ ആലിംഗനം ചെയ്യാൻ ശ്രമിച്ചതാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും പ്രതിക്ഷേധങ്ങൾക്കും വഴിവച്ചിരിക്കുന്നത്. ക്യാമറകൾക്ക് മുന്നിൽ വെച്ച് ഒരു വനിതാ ജനപ്രതിനിധിയോട് മുതിർന്ന നേതാവ് കാണിച്ച ഈ അനൗചിത്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
വിവാദം കൊഴുക്കുന്നതിനിടയിലാണ് ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്. നീണ്ട നാളുകൾക്ക് ശേഷമുണ്ടായ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയിലായിരുന്നു താനെന്ന് അദ്ദേഹം പറയുന്നു. ഈ ആഹ്ലാദ പ്രകടനത്തിനിടയിൽ പരിസരബോധം പൂർണമായി മറന്നുപോയി. ഇന്ദിരാഭവനിലെ ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുന്നിൽ വെച്ച് ലിംഗഭേദമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെയാണ് താൻ ആലിംഗനം ചെയ്തത്. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം അത് സദയം ക്ഷമിക്കണമെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെടുന്നു.
തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ കടുത്ത അമർഷവും നിരാശയും ചെറിയാൻ ഫിലിപ്പ് പ്രകടിപ്പിക്കുന്നുണ്ട്. തന്റെ ഭാഗത്തുനിന്നുണ്ടായ ആത്മാർത്ഥമായ ഒരു സ്നേഹപ്രകടനത്തെ ചിലർ ബോധപൂർവ്വം വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. രാഷ്ട്രീയ ശത്രുക്കളും ചില താല്പര്യക്കാരും ചേർന്ന് ഈ സംഭവത്തെ വലിയ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയക്കാരൻ എന്നതിനപ്പുറം വ്യക്തിജീവിതത്തിൽ താൻ പുലർത്തുന്ന വിശുദ്ധിയെ കുറിച്ചാണ് ചെറിയാൻ ഫിലിപ്പ് തന്റെ പോസ്റ്റിൽ ഓർമിപ്പിക്കുന്നത്. ഒറ്റയ്ക്ക് സന്യാസ സദൃശ്യമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് താൻ. എന്നാൽ ചില സാമൂഹ്യ മാധ്യമങ്ങളിൽ തന്നെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം വ്യാജമായ പ്രചരണങ്ങൾക്കും വ്യക്തിഹത്യകൾക്കും തന്നെ മാനസികമായി ഏറെ തളർത്തിയെന്നും വർഷങ്ങളായുള്ള തന്റെ പൊതുപ്രവർത്തന പാരമ്പര്യത്തെ കളങ്കപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വേദനയോടെ കൂട്ടിച്ചേർക്കുന്നു.
ചെറിയാൻ ഫിലിപ്പിന്റെ വിശദീകരണവും വൈകാരികമായ പ്രതികരണവും പുറത്തുവന്നെങ്കിലും പൊതുസമൂഹത്തിൽ ഇതിനെതിരെയുള്ള അമർഷം അടങ്ങിയിട്ടില്ല. പൊതുവേദികളിലും പ്രൊഫഷണൽ ഇടങ്ങളിലും സ്ത്രീകൾക്ക് നേരെ നടക്കുന്ന ഇത്തരം അനാവശ്യ ശാരീരിക സമ്പർക്കങ്ങൾക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനങ്ങളും ഒരേ സ്വരത്തിൽ ഉയർത്തുന്നത്. ഒരു സ്ത്രീ തന്റെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചിട്ടും അവരുടെ ശരീരത്തിലേക്ക് വീണ്ടും അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നത് സ്നേഹപ്രകടനത്തിന്റെ പരിധിയിൽ വരില്ലെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. കെപിസിസി ആസ്ഥാനം പോലെ ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ വേദിയിൽ വെച്ച് ഒരു വനിതാ ജനപ്രതിനിധിക്കുണ്ടായ ഈ അനുഭവം സ്ത്രീ സുരക്ഷയെ കുറിച്ചുള്ള വലിയ ചോദ്യചിഹ്നങ്ങളും ഉയർത്തുന്നുണ്ട്.