ചൈനയിലെ ഷെൻഷനിൽ ഒരു റോബോട്ട് സ്റ്റോർ ഉദ്ഘാടനത്തിനിടെ പ്രശസ്തമായ ബില്ലിജീൻ ഗാനത്തിന് ചുവടുവെക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നിലത്തുവീണ ഹ്യൂമനോയിഡ് റോബോട്ടിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഫ്യൂച്ചർ ഇഴ റോബോട്ട് സ്റ്റോറിന്റെ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
സംഗീതത്തിനൊപ്പം അതീവ ചടുലതയോടെ വേദിയിൽ ചുവടുവെച്ച റോബോട്ട് പെട്ടെന്ന് ഒരു തട്ടിൽ തട്ടി കാലിടറുകയായിരുന്നു. ആദ്യ വീഴ്ചയിൽ നിന്ന് കഷ്ടിച്ച് സമനില വീണ്ടെടുത്തെങ്കിലും തൊട്ടടുത്ത നിമിഷം അതേ സ്ഥലത്ത് വീണ്ടും തട്ടിതടഞ്ഞ് നിലംപതിക്കുകയായിരുന്നു. കൂട്ടച്ചിരിക്കോ ബഹളത്തിനോ മുതിരാതെ അമ്പരപ്പോടെ നോക്കിനിൽക്കെ അണിയറയിൽ നിന്ന് ജീവനക്കാരൻ ഓടിയെത്തി ജീവനറ്റതുപോലെ കിടന്ന റോബോട്ടിനെ വലിച്ച് അണിയറയിലേക്ക് മാറ്റി.
സാമൂഹിക മാധ്യമങ്ങളിൽ വലിയ പരിഹാസമാണ് റോബോട്ടിനെതിരെ ഉയർന്നത്. കല്യാണവീടുകളിൽ മദ്യപിച്ചെത്തി നൃത്തം ചെയ്യുന്ന അമ്മാവന്മാരുടെ പ്രകടനത്തോടാണ് പലരും ഈ റോബോട്ടിന്റെ നൃത്തത്തെ ഉപമിച്ചത്. “റോബോട്ട് ഭായി നീ നന്നായി മദ്യപിച്ചിട്ടുണ്ട്, ഇനി വീട്ടിൽ പോകൂ” എന്ന കമന്റും പുതിയ മൈക്കിൾ ജാക്സൺ സിനിമ വളരെ മോശമായിരിക്കുന്നു എന്ന പരിഹാസവും നിറഞ്ഞു.
എന്നാൽ റോബോട്ടിക്സ് പ്രേമികൾ ഇതിനെ കേവലം പരാജയമായി കാണാതെ സാങ്കേതിക മുന്നേറ്റമായി വിലയിരുത്തുന്നു. ആദ്യ തവണ കാലിടറിയപ്പോൾ വീഴാതെ സ്വയം നിയന്ത്രിക്കാൻ റോബോട്ടിന് സാധിച്ചത് വലിയ സാങ്കേതിക നേട്ടമാണെന്നും പ്രൊഫഷണൽ നർത്തകർക്ക് പോലും ഇത്തരം വീഴ്ചകൾ സംഭവിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഷെൻഷനിലെ ഫ്യൂച്ചർ ഇഴ ലോകത്തിലെ ആദ്യ വാണിജ്യ റോബോട്ട് വിപണന കേന്ദ്രമാണ്. പ്രശസ്തമായ യൂട്രി കമ്പനിയുടെ ജീവൻ മോഡൽ ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇവിടെ പ്രധാനമായും വിൽപ്പനയ്ക്കുള്ളത്. പ്രതിദിനം 58,000 മുതൽ 2.3 ലക്ഷം രൂപ വരെ നിരക്കിൽ ഇവ വാടകയ്ക്ക് ലഭിക്കും. ഓർഡർ നൽകി 10 ദിവസത്തിനകം ഉപഭോക്താക്കൾക്ക് ഇവ ലഭ്യമാകും.