മുഖ്യമന്ത്രി വിഡി സതീശൻ ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എവി ഗോപിനാഥ്. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ് ചെന്നിത്തല ഒഴികെ മറ്റു മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി എന്നറിഞ്ഞു. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുമെന്നും എവി ഗോപിനാഥ് പറഞ്ഞു.
മുഖ്യമന്ത്രി നെയ്വിളക്കുമായി എത്തിയതാണ് എങ്കിൽ ആചാരപരമായി ദർശനം നടത്താം. അങ്ങനെയാണോ ദർശനം നടത്തിയത് എന്ന് അന്വേഷിക്കും. ഉദ്യോഗസ്ഥതലത്തിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും. ക്ഷേത്രവളപ്പിലെ റീൽസ് ചിത്രീകരണത്തെ കുറിച്ചും അന്വേഷിക്കുമെന്ന് എവി ഗോപിനാഥ് പ്രതികരിച്ചു. ഒട്ടേറെ ഓൺലൈൻ ചാനലുകൾ മുഖ്യമന്ത്രിയുടെ റീൽസ് ചിത്രീകരിച്ചതായി വിവരമുണ്ടെന്ന് ദേവസ്വം ചെയർമാൻ പ്രതികരിച്ചു.
മന്ത്രി അനിൽ കുമാറിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. വിഐപി സന്ദർശനം കാരണം നിരവധി പേർക്ക് തൊഴാൻ ആയില്ലെന്ന് പരാതി ഉയർന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി രംഗത്തു വന്നിരുന്നു.
31 വർഷത്തിനപ്പുറം ലീഡർ കെ കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി മാറി വിഡി സതീശൻ. ക്ഷേത്രം തെക്കേനടയിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിനു മുന്നിൽ കാറിൽ ഇറങ്ങിയ സതീശൻ നേരെ ക്ഷേത്രനടയിലേക്ക് നടന്നു. ദർശനത്തിനായി കാത്തുനിന്നവർ മുഖ്യമന്ത്രിയെ തൊഴുകൈകളോടെ വരവേറ്റു.
വധുവരന്മാരെ ആശീർവദിച്ച് അവർക്കൊപ്പം ഫോട്ടോയും എടുത്ത് മുഖ്യമന്ത്രി നേരെ ക്ഷേത്രദർശനത്തിനായി അകത്തേക്ക് പ്രവേശിച്ചു. ധരിച്ചിരുന്ന ഷർട്ട് നടക്കൽ വെച്ചുതന്നെ അഴിച്ച് ഒപ്പമുള്ളയാളെ ഏൽപ്പിച്ചു. വേഷ്ടി പുതച്ച് അകത്തേക്ക് കടക്കുമ്പോൾ അഡ്മിനിസ്ട്രേറ്റർ ഒബി അരുൺകുമാർ മുഖ്യമന്ത്രിയുടെ ചെവിയിൽ കൂടെയുള്ളവരുടെ എണ്ണം നിയന്ത്രിക്കണമെന്ന് പറഞ്ഞു. ദർശനത്തിനായി മറ്റാരും തന്റെ കൂടെ വരേണ്ടതില്ല എന്ന് മുഖ്യമന്ത്രി ഉടൻ തന്നെ പറഞ്ഞു.
പൊതു അവധിയായതിനാൽ രാവിലെ ആറു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദർശനത്തിന് നിയന്ത്രണം ഉണ്ടായിരുന്നു. വിഡി സതീശൻ വരുമ്പോഴെല്ലാം ദർശനത്തിന് അനുഗമിക്കാറുള്ള ദേവസ്വത്തിലെ മുൻജീവനക്കാരൻ ടി കെ ഗോപാലകൃഷ്ണൻ 4500 രൂപ അടച്ച് അഞ്ചു പേർക്ക് ക്യൂ നിൽക്കാതെ ദർശനത്തിനുള്ള നെയ്വിളക്ക് ടിക്കറ്റ് എടുത്തുവെച്ചിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ദർശനം നടത്തിയത്.
മുഖ്യമന്ത്രിക്കൊപ്പം ക്ഷേത്രത്തിൽ പ്രവേശിച്ചത് നാലുപേർ മാത്രം. അകത്തു കടന്നപ്പോൾ ശീവേലി സമയമായിരുന്നു. ആനപ്പുറത്ത് മൂന്ന് പ്രദക്ഷിണം പൂർത്തിയാകുന്നതുവരെ അദ്ദേഹം തൊഴുതുനിന്നു. ശീവേലി കഴിഞ്ഞ് കണ്ണന്റെ തങ്കത്തിടമ്പ് അകത്തു പ്രവേശിക്കുന്നത് അടുത്തുനിന്ന് തൊഴുതു. ശീവേലിക്കൊപ്പം അകത്തുകടന്ന് ദർശനം നടത്തി കതളിക്കുലയും നെയ്യും നടയ്ക്കൽ സമർപ്പിച്ചു.
മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി പ്രസാദം നൽകി. നാലമ്പലത്തിൽ നിന്ന് പുറത്തു കടന്നതോടെ ജനം മുഖ്യമന്ത്രിക്ക് ചുറ്റും കൂടി. എല്ലാവരോടും കുശലം പറഞ്ഞും ചിരിച്ചും മുന്നോട്ടു നീങ്ങി. ഭഗവതിയെയും അയ്യപ്പനെയും തൊഴുത് പ്രദക്ഷിണം വെക്കുമ്പോൾ തിടപ്പള്ളിയിൽ നിന്ന് നേദിക്കാനുള്ള പാൽപായസം ശ്രീലകത്തേക്ക് കൊണ്ടുപോകാനായി പ്രദക്ഷിണ വഴിയിൽ ഭക്തരെ തടഞ്ഞ സമയമായിരുന്നു. മുഖ്യമന്ത്രിക്ക് പോകാനായി വഴിയൊരുക്കാൻ പോലീസ് ശ്രമിച്ചപ്പോൾ അദ്ദേഹം തടഞ്ഞു.