മുൻ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൽക്കറെ തന്റെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരളത്തെ ബംഗാളുമായി താരതമ്യപ്പെടുത്തുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിവാദത്തെ ഒരു തമാശയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എന്താണ് തെറ്റ് സംഭവിച്ചതെന്ന് ചൂണ്ടിക്കാണിക്കാൻ വിമർശകരെ വെല്ലുവിളിച്ചു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഇന്ത്യൻ നാഷണൽ കോൺഗ്രസും സിപിഎമ്മും അവിടുത്തെ ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എസ്ഐആറിൽ നിന്ന് വ്യാപകമായ തോതിൽ വോട്ടുകൾ നീക്കം ചെയ്തു എന്നതായിരുന്നു ആ ആരോപണം. അത്തരത്തിലുള്ള ഒരു പരാതിയും കേരളത്തിലെ ചീഫ് ഇലക്ടറൽ ഓഫീസർക്കെതിരെ ഉണ്ടായിട്ടില്ല.
സഞ്ജയ് കൽക്കറെ ചീഫ് ഇലക്ടറൽ ഓഫീസറായി നിയമിച്ചത് പിണറായി വിജയൻ സർക്കാർ നൽകിയ പാനലിൽ നിന്നാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്നത്തെ സിപിഎം നേതൃത്വം നൽകിയ സർക്കാരാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്തത്. ചീഫ് ഇലക്ഷൻ കമ്മീഷണറാണ് ആ പാനലിൽ നിന്ന് അദ്ദേഹത്തെ നിയമിച്ചത്.
“സിപിഎമ്മിന് അദ്ദേഹത്തെക്കുറിച്ച് പരാതി ഉണ്ടായിരുന്നോ? പ്രതിപക്ഷത്ത് ഇരുന്നിരുന്ന ബിജെപിക്ക് എന്തെങ്കിലും പരാതി ഉണ്ടായിരുന്നോ?” എന്ന് മുഖ്യമന്ത്രി ചോദിച്ചു. തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് കൽക്കർക്കെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതൽ കത്തുകൾ അദ്ദേഹത്തിന് അയച്ചത് താനായിരുന്നുവെന്നും അത് പൊതുവായ കാര്യങ്ങൾക്ക് മാത്രമായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.
കൽക്കർ നല്ല ട്രാക്ക് റെക്കോർഡുള്ള ഒരു കാര്യക്ഷമനായ ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിൽ ഐടി സെക്രട്ടറി, എൻവയൺമെന്റ് സെക്രട്ടറി, പ്ലാനിങ് ആൻഡ് എക്കണോമിക് അഫയേഴ്സ് സെക്രട്ടറി എന്നീ നിലകളിലും അന്നത്തെ ധനകാര്യ മന്ത്രിയുടെ കീഴിൽ ടാക്സസ് സെക്രട്ടറി, ജിഎസ്ടി കമ്മീഷണർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
“പിണറായി സർക്കാരിന്റെ പ്രൊപ്പോസലാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ അദ്ദേഹത്തെ അംഗീകരിച്ചത്. സിപിഎം അദ്ദേഹത്തെക്കുറിച്ച് പരാതി പറഞ്ഞിട്ടുണ്ടോ?” എന്ന് ആവർത്തിച്ച മുഖ്യമന്ത്രി, വിവാദത്തെ ഒരു തമാശയെന്ന് തള്ളിക്കളയുകയും സംസ്ഥാനത്തിന്റെ ഭാവിക്ക് ഗുണകരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യപ്പെട്ടു.