കഴിഞ്ഞ ആഴ്ചയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. മെയ് 15ന് സുപ്രീം കോടതിയിൽ വ്യാജ നിയമ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട ഹർജുകൾ പരിഗണിക്കുമ്പോൾ ചീഫ് ജസ്റ്റിസ് നടത്തിയ വിവാദ പരാമർശമാണ് കോക്രോച്ച് പാർട്ടിക്ക് വഴിയൊരുക്കിയത്.
ഒരു പണിയുമില്ലാത്ത ചില യുവാക്കൾ ഉണ്ടെന്നും അവരിൽ ചിലർ മാധ്യമ പ്രവർത്തകരും ചിലർ സോഷ്യൽ മീഡിയ ആർടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നുവെന്നും അവർ കോക്രോച്ചുകളും പരാന ഭോജികളുമാണെന്നുമായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം. ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് കാരണമായി.
ചീഫ് ജസ്റ്റിസിന് മറുപടിയായി എക്സ് പ്ലാറ്റ്ഫോമിൽ ആരംഭിച്ച ആക്ഷേപ ഹാസ്യ അക്കൗണ്ടാണ് കോക്രോച്ച് ജനതാ പാർട്ടി. “യുവാക്കൾക്ക് വേണ്ടി യുവാക്കളാൽ” എന്നതാണ് പാർട്ടിയുടെ മുദ്രാവാക്യം. സെക്യുലർ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ലേസി എന്നാണ് പാർട്ടി സ്വയം വിശേഷിപ്പിക്കുന്നത്. “സിസ്റ്റം ശ്രദ്ധിക്കാൻ മറന്നുപോയവരുടെ മടിയന്മാരുടെയും തൊഴിൽ രഹിതരുടെയും ശബ്ദം” എന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ സിജെപി വിശേഷിപ്പിക്കുന്നത്.
സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയും ഉണ്ട്. ക്യാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50% സംവരണം, രാഷ്ട്രീയ പാർട്ടി മാറുന്ന എംഎൽഎമാർക്കും എംപിമാർക്കും 20 വർഷത്തെ തിരഞ്ഞെടുപ്പ് വിലക്ക്, ചീഫ് ജസ്റ്റിസുമാർക്ക് വിരമിക്കലിന് ശേഷമുള്ള രാജ്യസഭാ പദവികൾ നിരോധിക്കണം, ഗോദി മീഡിയ ആങ്കർമാരുടെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് അന്വേഷണം തുടങ്ങിയവയാണ് മാനിഫെസ്റ്റോയിലെ പ്രധാന ആവശ്യങ്ങൾ.
അഭിജിത്ത് ദികെ എന്ന ആളാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ. ദ ഹിന്ദുവിന്റെ റിപ്പോർട്ട് അനുസരിച്ച് 30 കാരനായ അഭിജിത് ദീപ്കെ ബോസ്റ്റൺ സർവ്വകലാശാലയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയാണ്. 2020 മുതൽ 2023 വരെ ആം ആദ്മിയുടെ സോഷ്യൽ മീഡിയ ടീമിനൊപ്പം ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയിൽ ചേരാൻ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് എക്സിൽ അഭിജിത്ത് ഒരു ഗൂഗിൾ ഫോം പങ്കുവെച്ചിരുന്നു.
ഈ പേജ് അതിവേഗം പ്രചാരം നേടുകയും 24 മണിക്കൂറിനുള്ളിൽ തന്നെ എക്സിൽ 15,000ത്തിൽ അധികം ഫോളോവേഴ്സിനെ നേടുകയും ചെയ്തു. ആയിരം അംഗങ്ങൾ അനൗദ്യോഗിക രാഷ്ട്രീയ മുന്നണിയിൽ ചേർന്നതായി അവർ പിന്നീട് പ്രഖ്യാപിച്ചു. തൃണമൂൾ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും തിങ്കളാഴ്ച ഈ പാർട്ടിയിൽ ചേർന്നു.
തന്റെ പ്രസ്താവന വിവാദമായതോടെ ചീഫ് ജസ്റ്റിസ് വിശദീകരണവുമായി എത്തി. തന്റെ നിരീക്ഷണങ്ങൾ ചില മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചതാണെന്നും ഇന്ത്യയിലെ യുവാക്കളെ ആകെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്ന ആളുകളെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, പുതിയൊരു മൂവ്മെന്റ് ശക്തമായി മുന്നോട്ടു പോകുമ്പോൾ ചില ആശങ്കകളും ജനങ്ങൾ പങ്കുവെക്കുന്നുണ്ട്. അണ്ണാ ഹസാരെ നടത്തിയത് പോലുള്ള ഒരു പ്രഹസനം ആകുമോ എന്നാണ് അവരുടെ ആശങ്ക. ആദർശ ധീരനായി ചമഞ്ഞ് അഴിമതിക്കെതിരെ രംഗത്ത് വന്ന് പ്രക്ഷോഭങ്ങൾ നയിച്ച അണ്ണ ഹസാരെ 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം മൗനത്തിലായിരുന്നു. ഇപ്പോഴത്തെ കോക്രോച്ച് പാർട്ടിയും അതേപോലെ ആയിത്തീരുമോ എന്നാണ് പലരും ആശങ്കപ്പെടുന്നത്.