Thanks for watching! Content unlocked for this session.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം; സിപിഎമ്മിന് കടുത്ത താക്കീതുമായി സിപിഐ

നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ സിപിഐയും സിപിഎമ്മും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഈ ആവശ്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കിയ സിപിഐ, പദവി ലഭിച്ചില്ലെങ്കിൽ സംയുക്ത പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കില്ലെന്നും നിയമസഭാ കക്ഷിയിലെ മറ്റ് ചുമതലകൾ ഏറ്റെടുക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ സിപിഐ സംസ്ഥാന നേതൃയോഗം വിളിച്ചുചേർത്തിരിക്കുകയാണ്.

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചാൽ ഒല്ലൂർ എംഎൽഎയും മുൻ മന്ത്രിയുമായ കെ. രാജനെ ആ പദവിയിലേക്ക് നിയോഗിക്കാനാണ് സിപിഐ തീരുമാനം. നിലവിൽ നിയമസഭയിലുള്ള 35 എൽഡിഎഫ് അംഗങ്ങളിൽ എട്ട് പേർ സിപിഐയിൽ നിന്നുള്ളവരാണ്. എന്നാൽ, കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം നേതൃത്വവും എകെജി സെന്ററിൽ നടത്തിയ ഉഭയകക്ഷി ചർച്ച പരാജയപ്പെടുകയായിരുന്നു.

പ്രതിപക്ഷത്തിരുന്ന കാലത്തെല്ലാം ഉപനേതാവ് പദവി സിപിഎം തന്നെയാണ് കൈകാര്യം ചെയ്തതെന്ന കീഴ്‌വഴക്കവും, ഈ പദവിക്ക് ഭരണഘടനാപരമായ നിലനില്പില്ലെന്ന സാങ്കേതികത്വവും ചൂണ്ടിക്കാട്ടിയാണ് സിപിഎം സിപിഐയുടെ ആവശ്യത്തെ എതിർക്കുന്നത്. എന്നാൽ ഒന്നാമനും രണ്ടാമനും സിപിഎം തന്നെയാകുന്നതിനെ സിപിഐ ശക്തമായി എതിർക്കുന്നു. തർക്കം കാരണം നിയമസഭാ സമ്മേളനം ആരംഭിച്ചിട്ടും എൽഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേരാൻ കഴിഞ്ഞിട്ടില്ല. തർക്കം പരിഹരിക്കാതെ മുന്നണിക്ക് ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ.