വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ നടന്ന ഗുരുതരമായ സാമ്പത്തിക തിരുമറികൾ സിപിഎം നിയോഗിച്ച ഓഡിറ്റ് സംഘം കണ്ടെത്തി. ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടും ബട്സ് ആക്ട് ലംഘിച്ച് ജനങ്ങളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നുമായി ഏകദേശം 130 കോടി രൂപ നിക്ഷേപമായി സ്വീകരിച്ചു. സൊസൈറ്റിയുടെ അക്കൗണ്ടുകൾ വഴി 30 ലക്ഷം രൂപയുടെ കള്ളപ്പണം എത്തിയതായും ജീവനക്കാർ വെളിപ്പെടുത്തി. പാർട്ടി നേതൃത്വത്തിന്റെ അറിവോടെയും ഒത്താശയോടെയുമാണ് ഇടപാടുകൾ നടന്നതെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
2023ൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് ബ്രഹ്മഗിരി നേതൃത്വം പുറത്തുവിട്ടില്ല. ക്രമക്കേടുകൾ വെളിപ്പെട്ടതോടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ നിന്ന് ഓഡിറ്റ് സംഘത്തെ നേതൃത്വം വിലക്കി. ഇതിന് മുമ്പ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 300 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിരുന്നു. ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ സിപിഎമ്മിനെ 68-ാം പ്രതിയാക്കിയപ്പോൾ എസി മൊയ്ദീൻ, എംഎം വർഗീസ്, കെ രാധാകൃഷ്ണൻ എന്നീ മുതിർന്ന നേതാക്കളും പ്രതിപട്ടികയിലുണ്ട്. 30,000ത്തിലധികം നിക്ഷേപകരുടെ 260 കോടി രൂപ ഇപ്പോഴും ബാങ്കിൽ കുടുങ്ങിക്കിടക്കുന്നു.
കരുവന്നൂരിന് പുറമെ അയന്തോൾ, മാപ്രാണം, പെരിങ്ങണ്ടൂർ, കണ്ടല എന്നീ സഹകരണ ബാങ്കുകളിലും സമാനമായ തട്ടിപ്പുകൾ നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇവയിലെല്ലാം പാർട്ടി നിയോഗിച്ച ഭരണസമിതികളും പ്രാദേശിക നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്. ബ്രഹ്മഗിരി കേസ് ഇതിന്റെ തുടർച്ചയാണെന്നും കൂടുതൽ തട്ടിപ്പുകൾ പുറത്തുവരാനുണ്ടെന്നുമാണ് സൂചന.