2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കേരളത്തിലെ സിപിഎമ്മിൽ വലിയ തോതിലുള്ള ആഭ്യന്തര കലഹം പുകയുകയാണ്. കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയും മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്ന വിമർശനവുമായി രംഗത്തെത്തി.
പരാജയത്തെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ച പികെ ശ്രീമതി, ഉത്തരവാദിത്വം ഒരാളുടെ മാത്രം തലയിൽ കെട്ടിവെക്കേണ്ടതില്ല എന്ന് പറഞ്ഞെങ്കിലും അവരുടെ വാക്കുകളിലെ മൂർച്ച പിണറായി വിജയനും എംവി ഗോവിന്ദനും നേരെ തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ ഏകാധിപത്യ ശൈലിക്കും പിഎ മുഹമ്മദ് റിയാസിനെ പാർട്ടിക്കുള്ളിൽ അനാവശ്യമായി വളർത്തുന്നതിനുമെതിരെയായിരുന്നു ശ്രീമതിയുടെ ശക്തമായ കലാപകൊടി.
വർഷങ്ങളായി കണ്ണൂർ നേതാക്കളെ വെട്ടിനിരുത്താനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വം നടത്തുന്നതെന്ന് ആരോപണമുണ്ട്. പിണറായി സംഘം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ശ്രീമതിയെ ഒഴിവാക്കി പകരം മുഹമ്മദ് റിയാസിനെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിൽ അവർ സ്ഥാനം നിലനിർത്തി.
പേരാവൂരിൽ കെകെ ശൈലജയുടെ അപ്രതീക്ഷിത പരാജയം പാർട്ടിക്ക് വലിയ ആഘാതമായി. ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നിട്ടും അവർക്ക് പരാജയം നേരിടേണ്ടി വന്നു. അടിത്തട്ടിലെ ഉപജാപക സംഘങ്ങളുടെ അഹങ്കാരവും ദാർഷ്ട്യവുമാണ് ഈ വലിയ തോൽവിക്ക് കാരണമെന്നാണ് അണികൾക്കിടയിലെ പൊതുവികാരം.
പുതിയ യുഡിഎഫ് സർക്കാരിന്റെ ആശാവർക്കർമാരുടെ ഓണറിയം വർദ്ധിപ്പിച്ചതും സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതുമായ ജനപ്രിയ നയങ്ങളെ ശ്രീമതി ടീച്ചർ പരസ്യമായി സ്വാഗതം ചെയ്തത് പിണറായി ശൈലിയോടുള്ള വിയോജിപ്പ് കൂടിയായിരുന്നു. ശത്രുപക്ഷത്തെ പോലും നല്ല കാര്യങ്ങളിൽ അഭിനന്ദിക്കുന്ന ഈ നിലപാട് മുഖ്യമന്ത്രിയുടെ കടുമ്പിടുത്ത രാഷ്ട്രീയത്തിനുള്ള തിരിച്ചടിയായി.
വരും ദിവസങ്ങളിൽ നടക്കുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗങ്ങളിൽ കേരളത്തിലെ വൻ പരാജയം വിചാരണ ചെയ്യപ്പെടും. പശ്ചിമബംഗാളിലും ത്രിപുരയിലും പാർട്ടി തകർന്നടഞ്ഞതുപോലെ കേരളത്തിലും സംഭവിക്കാതിരിക്കാൻ കേന്ദ്ര നേതൃത്വം ശക്തമായ ഇടപെടൽ നടത്തുമെന്നാണ് സൂചന. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും അപ്രമാദിത്വത്തിന് കടിഞ്ഞാണിടാൻ കേന്ദ്രം ഒരുങ്ങുമ്പോൾ, വർഷങ്ങളായി അവഗണിക്കപ്പെട്ട മുതിർന്ന നേതാക്കൾ പുതിയ മാറ്റത്തിന്റെ ആയുധങ്ങളായി മാറുകയാണ്.