ലക്ഷണങ്ങളും രോഗസ്ഥിരീകരണവും വൈകുന്നതിനാൽ അതിജീവനനിരക്ക് കുറഞ്ഞ അർബുദങ്ങളിലൊന്നാണ് പാൻക്രിയാറ്റിക് കാൻസർ. സൈലന്റ് കില്ലർ എന്ന് ഈ രോഗത്തെ വിളിക്കാനും കാരണമിതാണ്. ഇപ്പോഴിതാ പാൻക്രിയാറ്റിക് കാൻസർ ചികിത്സാരംഗത്ത് പ്രതീക്ഷയേകുന്ന പുതിയൊരു മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ആദ്യഘട്ടപരീക്ഷണങ്ങളിൽ മികച്ച ഫലം നൽകിയിരിക്കുകയാണ് ഡാരാക്സൊൺറാസിബ്(Daraxonrasib) എന്ന മരുന്ന്. RAS ജീനുമായി ബന്ധപ്പെട്ട കാൻസർ സിഗ്നലുകളെ തടയുന്നതിനായി രൂപകൽപ്പന ചെയ്ത ദിവസവും കഴിക്കാവുന്ന രൂപത്തിലുള്ള ഗുളികയാണിത്.
ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയായ മരുന്ന് രോഗികളിൽ മികച്ച ഫലം നൽകിയെന്നാണ് ഗവേഷകർ പറയുന്നത്. ബോസ്റ്റണിൽ നിന്നുള്ള ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് (Dana-Farber Cancer Institute) ആണ് ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകിയത്. ദ ന്യൂ ഇംഗ്ലീഷ് ജേണൽ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ ട്രയലിനേക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. RAS ജീനിൽ വ്യതിയാനങ്ങളുള്ള 168 പാൻക്രിയാറ്റിക് കാൻസർ രോഗികളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. പഠനത്തിൽ പങ്കെടുത്ത എല്ലാവരും മുമ്പ് കുറഞ്ഞത് ഒരു കീമോതെറാപ്പി ചികിത്സയെങ്കിലും സ്വീകരിച്ചിരുന്നവരുമാണ്.
കാൻസർ കോശങ്ങളുടെ വളർച്ചയെ സഹായിക്കുന്ന ഒന്നിലധികം സജീവ കാൻസർ സിഗ്നലുകളെ തടയുന്നതിനാണ് ഈ മരുന്ന് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 300 മില്ലിഗ്രാം മരുന്ന് ഉപയോഗിച്ച ഏകദേശം 30% രോഗികളിലും നല്ല പ്രതികരണം കണ്ടുവെന്ന് ഗവേഷകർ പറയുന്നു. മരുന്ന് പരീക്ഷിച്ച ഏകദേശം 90% രോഗികളുടെയും കാൻസർ ചുരുങ്ങുകയോ കൂടുതൽ ഗുരുതരമാവുകയോ ചെയ്യുന്നതും നിന്നുവെന്ന് ഗവേഷകർ അവകാശപ്പെടുന്നു.
ചർമ്മത്തിൽ ചൊറിച്ചിൽ, വായയിലെ അൾസറുകൾ, ഓക്കാനം, വയറിളക്കം എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ പാർശ്വഫലങ്ങൾ. ഈ മരുന്ന് കാൻസർ ചികിത്സയുടെ ഭാവി മാറ്റിയേക്കാമെന്ന് ഡാനാ ഫാർബറിലെ ഹെയ്ൽ ഫാമിലി പാൻക്രിയാറ്റിക് കാൻസർ റിസർച്ച് സെന്റർ ഡയറക്ടർ ഡോ.ബ്രയാൻ വോൾപിൻ പറഞ്ഞു. ബ്രയാന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്. വലിയ ക്ലിനിക്കൽ ട്രയലുകളിൽ ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടാൽ പാൻക്രിയാറ്റിക് ചികിത്സാരംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ ചികിത്സകൾ വളരെ കുറവുമാത്രമേ ഉള്ളൂ എന്നതിനാൽ ഇത് വളരെ പ്രധാനമാണെന്നും ബ്രയാൻ പറഞ്ഞു. അവസാനഘട്ട പാൻക്രിയാറ്റിക് കാൻസർ ഉള്ള ഏകദേശം 90% രോഗികളിലും മരുന്ന് ഉപയോഗിച്ചതിനുശേഷം രോഗനിയന്ത്രണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.