വിവാഹബന്ധം തന്റെ സ്വപ്നങ്ങൾക്ക് തടസ്സമാണെന്ന് പറഞ്ഞ് എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയ ഒരമ്മ. വർഷങ്ങൾക്കിപ്പുറം 21-ാം വയസ്സിൽ ആ മകൾ തന്റെ അമ്മയെ തേടിപ്പിടിച്ചപ്പോൾ സംഭവിച്ചത് എന്താണെന്ന് കണ്ടു.
ഒരു മകളുടെ ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.
എനിക്ക് എട്ടു മാസം മാത്രം പ്രായമുള്ളപ്പോഴാണ് അമ്മ എന്നെയും അച്ഛനെയും ഉപേക്ഷിച്ചു പോകുന്നത്. അച്ഛനും അച്ഛന്റെ മൂത്ത സഹോദരിയും ചേർന്നാണ് എന്നെ വളർത്തിയത്. അച്ഛന്റെ സഹോദരിയെയാണ് ഞാൻ അമ്മ എന്ന് വിളിച്ചു തുടങ്ങിയത്. അയൽക്കാരെല്ലാം അത് നിന്റെ അമ്മയല്ല എന്ന് പറയുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു.
പക്ഷേ ഞാൻ തന്നെയാണ് നിന്റെ അമ്മ എന്ന് പറഞ്ഞ് അവർ എന്നെ നെഞ്ചോട് ചേർത്തു പിടിക്കും. എന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും തണലായി അച്ഛൻ ഉണ്ടായിരുന്നു.
എനിക്ക് 10 വയസ്സുള്ളപ്പോഴാണ് അമ്മ എന്തുകൊണ്ടാണ് ഞങ്ങളെ വിട്ടുപോയതെന്ന് അച്ഛൻ വെളിപ്പെടുത്തിയത്. അമ്മയ്ക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരുന്നു. അതിന് ഈ കുടുംബജീവിതം തടസ്സമാണെന്ന് അവർ വിശ്വസിച്ചു.
അമ്മ വീടുവിട്ടിറങ്ങിയ അന്ന് എന്നെയും തോളത്തെടുത്ത് അച്ഛൻ അമ്മയുടെ പിന്നാലെ ഓടിയിരുന്നു. “ഈ കുഞ്ഞിനു വേണ്ടിയെങ്കിലും മടങ്ങി വരു” എന്ന് അച്ഛൻ കരഞ്ഞു പറഞ്ഞപ്പോൾ അമ്മ നൽകിയ മറുപടി വളരെ ക്രൂരമായിരുന്നു. “വിവാഹത്തിനു മുൻപ് എനിക്ക് കുഞ്ഞുങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് ഇത് നിങ്ങളുടെ മാത്രം കുഞ്ഞാണ്, എന്റേതല്ല” എന്നായിരുന്നു അവരുടെ മറുപടി.
തകർന്നുപോയ അച്ഛൻ പിന്നീട് മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചതേ ഇല്ല. ഒരു രണ്ടാനമ്മ വന്നാൽ എന്റെ ജീവിതം എന്താകുമെന്ന ഭയമായിരുന്നു അദ്ദേഹത്തിന്.
ഒടുവിൽ 21-ാമത്തെ വയസ്സിൽ ഞാൻ എന്റെ അമ്മയെ തേടിയിറങ്ങി. നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സോഷ്യൽ മീഡിയയിലൂടെ അവരെ കണ്ടെത്തുകയും ഒരു സന്ദേശം അയക്കുകയും ചെയ്തു. കാണാമെന്ന് സമ്മതിച്ചപ്പോൾ വലിയ പ്രതീക്ഷയായിരുന്നു. എനിക്ക് എന്റെ അമ്മയെ തിരിച്ചു കിട്ടിയാലോ എന്നുവരെ ഞാൻ മോഹിച്ചു.
എന്നാൽ ആ കൂടിക്കാഴ്ച എന്നെ തകർത്തു കളഞ്ഞു. അവർ വന്നത് അവരുടെ മറ്റു രണ്ടു മക്കൾക്കൊപ്പമായിരുന്നു. എന്നെ കണ്ടിട്ടും ഒരു ഭാവമാറ്റവും അവരിൽ ഉണ്ടായില്ല. ഒരു അപരിചിതയോട് എന്നപോലെ “ഹായ്, സുഖമാണോ” എന്ന് ചോദിച്ച് കാര്യമായ സംഭാഷണങ്ങൾക്ക് ഒന്നും നിൽക്കാതെ അവർ മടങ്ങി.
ആ മക്കളോട് കാണിക്കുന്ന സ്നേഹവും കരുതലും എല്ലാം എനിക്കും ലഭിക്കേണ്ടതല്ലേ എന്ന് ഓർത്തപ്പോൾ എന്റെ ഹൃദയം തകർന്നുപോയി. അപ്പോഴാണ് അച്ഛൻ എനിക്ക് നൽകുന്ന സ്നേഹം എത്ര വലുതാണെന്ന് ഞാൻ തിരിച്ചറിയുന്നത്.
ഇന്ന് ഞാൻ വിവാഹിതയാണ്. എന്റെ വിവാഹദിവസം അച്ഛൻ എന്നെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് കൊണ്ടുപോകുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് പറഞ്ഞു: “അവൾ കുഞ്ഞായിരുന്നപ്പോൾ എല്ലാവരും പറഞ്ഞു, ഒരു പെൺകുട്ടിക്ക് അമ്മയുടെ സ്നേഹം ആവശ്യമാണെന്നും ഇത് നിനക്ക് ഒറ്റയ്ക്ക് കഴിയില്ല എന്നും. പക്ഷേ ഞാൻ അവരോട് പറഞ്ഞു, എനിക്ക് ഒരു അമ്മയും അച്ഛനും ആകാൻ കഴിയുമെന്ന് ഞാൻ തെളിയിക്കും.”
അത് കേട്ട് എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛന് എന്നോ സ്വന്തമായ ഒരു ജീവിതം ഉണ്ടാകാമായിരുന്നു. പക്ഷേ എനിക്കുവേണ്ടി ഒരുപാട് ത്യാഗങ്ങൾ സഹിക്കാൻ അദ്ദേഹം തയ്യാറായി.
ഇന്ന് ഞാൻ ഈ നിലയിൽ നിൽക്കുന്നുണ്ടെങ്കിൽ അതിന് ഞാൻ കടപ്പെട്ടിരിക്കുന്നത് എന്റെ അച്ഛനോട് മാത്രമാണ്. എനിക്ക് എന്റെ അച്ഛൻ എന്നും ഒരു ഹീറോയാണ്. എന്നെ വേണ്ടെന്ന് വെച്ച അമ്മ വെറും ഒരു സീറോയും.