Thanks for watching! Content unlocked for this session.

ദുൽഹിജ്ജ 1 പിറകണ്ടാൽ ചൊല്ലിക്കൊ: ഉദ്ദേശം നിയ്യതാക്കി ഉത്തരം നേടാം

പരിശുദ്ധമാക്കപ്പെട്ട ദുൽഹിജ്ജ മാസം നമ്മുടെ മുന്നിലേക്ക് എത്തിയിരിക്കുന്നു. ഒരുപാട് മഹത്വങ്ങൾ നിറഞ്ഞ ദുആക്ക് ഉത്തരം കിട്ടുന്ന ദിവസങ്ങളാണിത്. ദുൽഹിജ്ജ ഒന്നു മുതൽ തന്നെ അറഫാ ദിനവും പെരുന്നാൾ ദിനവും ഉൾപ്പെടെ എല്ലാം ദുആക്ക് ഉത്തരം കിട്ടുന്ന മഹത്വമേറിയ ദിവസങ്ങളാണ്. ഈ മാസത്തെ അള്ളാഹു ആദരിച്ചതുപോലെ നമ്മളും ഈ മാസത്തെ ആദരിക്കുകയും സന്തോഷത്തോടെ വരവേൽക്കുകയും വേണം.

നിയ്യത്ത് വെക്കുക

ആദ്യം തന്നെ നമ്മുടെ മനസ്സിൽ നിയ്യത്ത് വേണം. ഈ പുണ്യ മാസത്തിലെ 10 ദിവസങ്ങളെ ഞാൻ നഷ്ടപ്പെടുത്തില്ല, അതിൽ ഒരു മിനിറ്റ് പോലും അനാവശ്യമായി കളയില്ല എന്ന ഉറച്ച തീരുമാനമുണ്ടാകണം. നിങ്ങൾ നേരിടുന്ന പ്രശ്നം എന്തുതന്നെയായാലും — കടമോ സാമ്പത്തിക പ്രയാസമോ, കുട്ടികളുടെ കല്യാണമോ, ജോലിയോ, വീടുപണിയോ — അത് അള്ളാഹുവിന് വിട്ടുകൊടുത്ത് പൂർണമായി തവക്കുൽ ചെയ്യുക. അള്ളാഹു എനിക്ക് അതിനൊരു വഴി കാണിച്ചുതരും എന്ന വിശ്വാസം ഹൃദയത്തിൽ ആഴത്തിൽ വേണം.

നോമ്പ് നോൽക്കുക

കഴിയുന്നവർ ദുൽഹിജ്ജ 1 മുതൽ 9 വരെ നോമ്പ് നോൽക്കുക. എല്ലാം നോക്കാൻ കഴിയുന്നില്ലെങ്കിൽ കഴിയുന്നത്ര ദിവസമെങ്കിലും നോക്കുക. പീരിയഡ്സ് ഉള്ളവർ അത് കഴിഞ്ഞതിന് ശേഷം നോമ്പ് നോക്കുക. ദുൽഹിജ്ജ നോമ്പിന്റെ നിയ്യത്തോടൊപ്പം നഷ്ടപ്പെട്ടുപോയ നോമ്പിന്റെ നിയ്യത്തും കൂട്ടിച്ചേർക്കാം. ഏറ്റവും ശ്രേഷ്ഠതയുള്ള ഇബാദത്താണ് നോമ്പ്.

സൂറത്തുകൾ പാരായണം ചെയ്യുക

ദുൽഹിജ്ജ ഒന്നിന്റെ രാവ് മുതൽ സൂറത്തുൽ മുൽക്ക് ഓതുക. ദിവസവും ഒരു തവണയെങ്കിലും മഗ്രിബിന് ശേഷം ഓതാം. 10 വരെ തുടരുക.

സൂറത്ത് ഫജർ — ഉദ്ദേശം നിറവേറാൻ വേണ്ടി മഗ്രിബിന്റെ ശേഷം ഒരു തവണ ഓതുക. കൂടുതൽ സമയമുണ്ടെങ്കിൽ കൂടുതൽ ഓതാം.

സൂറത്തുൽ ഇഹ്ലാസ് — ഇതാണ് ഏറ്റവും പ്രധാനപ്പെട്ടത്. രണ്ട് രീതിയിൽ ചെയ്യാം:

  1. ദിവസം 1000 തവണ — ദുൽഹിജ്ജ 1 മുതൽ 10 വരെ ദിവസം 1000 സൂറത്തുൽ ഇഹ്ലാസ്. ആദ്യം രണ്ട് റക്അത്ത് നിസ്കരിക്കുക (രാത്രിയിലാണെങ്കിൽ തഹജ്ജുദ്, പകലാണെങ്കിൽ ഹാജത്ത് നിസ്കാരം). ശേഷം സ്വലാത്ത് ചൊല്ലുക, നിയ്യത്ത് മനസ്സിൽ വെച്ചിട്ട് ഖിബിലക്ക് തിരിഞ്ഞ് ഏകാന്തതയോടെ ഇടയിൽ സംസാരിക്കാതെ 1000 തവണ ഓതുക.

  2. ആകെ 12000 തവണ — അറഫാ ദിനത്തോടെ 12000 പൂർത്തിയാക്കണം എന്ന നിയ്യത്തോടെ ദുൽഹിജ്ജ 1 മുതൽ ഓതിത്തുടങ്ങുക.

ഇവയൊന്നും കഴിയില്ലെങ്കിൽ, നിങ്ങൾക്ക് കഴിയുന്നത്ര കൂടുതൽ സൂറത്തുൽ ഇഹ്ലാസ് ഓതുക. ദുആക്ക് ഉത്തരം കിട്ടാൻ ഏറ്റവും മഹത്വമേറിയതാണിത്.

ദിക്റുകൾ

ഈ ദിവസങ്ങളിൽ കൂടുതൽ ദിക്റുകൾ ചൊല്ലുക — “ലാ ഇലാഹ ഇല്ലല്ലാഹ്”, “സുബ്ഹാനല്ലാഹ്” തുടങ്ങിയവ. അശുദ്ധിയുള്ളവർക്കും രാത്രികളിൽ ദിക്റുകൾ ചൊല്ലാവുന്നതാണ്.

ഈ പുണ്യമാക്കപ്പെട്ട ദിവസങ്ങളെ ഒരിക്കലും നഷ്ടപ്പെടുത്തരുത്. കൂടുതൽ ദുആ ചെയ്യുക, നിയ്യത്ത് വെക്കുക, അള്ളാഹുവിൽ പൂർണമായി ഭാരമേൽപ്പിക്കുക. തീർച്ചയായും ഉത്തരം ലഭിക്കും, സന്തോഷവാർത്ത കേൾക്കാൻ ഇടയാകട്ടെ. ആമീൻ.