Thanks for watching! Content unlocked for this session.

റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് 5000 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക്; ഡോ. എ. വേലുമണിയുടെ വിജയഗാഥ

അളവറ്റ സമ്പത്തോ കുടുംബ മഹിമയോ ഇല്ലാതെ കഠിനാധ്വാനം കൊണ്ട് മാത്രം കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത വ്യക്തിയാണ് തൈറോകെയർ സ്ഥാപകനായ ഡോക്ടർ എ. വേലുമണി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്റെ ദാരിദ്ര്യമായിരുന്നു എന്ന് വിശ്വസിക്കുന്ന അദ്ദേഹം, റെയിൽവേ പ്ലാറ്റ്‌ഫോമിലെ വെളിച്ചത്തിലിരുന്ന് പഠിച്ച് വളർന്ന് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഐക്കണുകളിൽ ഒരാളായി മാറിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് വെറും മൂന്ന് രൂപ മാത്രം ദിവസവരുമാനമുള്ള കുടുംബത്തിൽ നിന്നാണ് വേലുമണി വരുന്നത്. അമ്മ തന്റെ സ്വർണ്ണവള വിറ്റ് കിട്ടിയ പണം കൊണ്ട് പഠിക്കാനിറങ്ങിയ അദ്ദേഹം, ബസ് ചാർജ് ലാഭിക്കാൻ ഏഴ് രൂപയുടെ റെയിൽവേ പാസ് ഉപയോഗിച്ചാണ് കോളേജിൽ പോയിരുന്നത്. ട്രെയിൻ കാത്തുനിൽക്കുന്ന സമയങ്ങളിൽ റെയിൽവേ പ്ലാറ്റ്‌ഫോമിലെ സിമന്റ് ബെഞ്ചുകളിലിരുന്ന് അയ്യായിരത്തിലധികം മണിക്കൂറുകൾ പഠിച്ചാണ് അദ്ദേഹം ബിരുദം നേടിയത്. പിന്നീട് 1982-ൽ വെറും 500 രൂപയുമായി മുംബൈയിലെത്തിയ അദ്ദേഹം കഠിനമായ പ്രതിസന്ധികൾക്കൊടുവിൽ ബാബാ ആറ്റോമിക് റിസർച്ച് സെന്ററിൽ ലാബ് അസിസ്റ്റന്റായി ജോലി നേടുകയും അവിടെയിരുന്ന് തൈറോയ്ഡ് ബയോകെമിസ്ട്രിയിൽ പിഎച്ച്ഡി കരസ്ഥമാക്കുകയും ചെയ്തു.

14 വർഷത്തെ സർക്കാർ ജോലി രാജിവെച്ച് രണ്ടു ലക്ഷം രൂപയുമായി മുംബൈയിലെ ഒരു ചെറിയ വാടകമുറിയിലാണ് അദ്ദേഹം തൈറോകെയർ എന്ന തൈറോയ്ഡ് പരിശോധനാ ലാബ് ആരംഭിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ പരിശോധനകൾ ലഭ്യമാക്കാൻ അദ്ദേഹം കൊണ്ടുവന്ന ഫ്രാഞ്ചൈസി മോഡൽ വൻ വിജയമായി മാറുകയും കമ്പനിയുടെ മൂല്യം 7000 കോടി രൂപയായി ഉയരുകയും ചെയ്തു. 2021-ൽ തന്റെ 66 ശതമാനം ഓഹരികൾ 4546 കോടി രൂപയ്ക്ക് ഫാം ഇസിക്ക് വിറ്റ അദ്ദേഹം, ബിസിനസിനെ വൈകാരികമായി കൂടെ നിർത്തേണ്ടതില്ലെന്നും കൃത്യസമയത്ത് അത് വിൽക്കണമെന്നുമുള്ള വേറിട്ട ബിസിനസ് തത്വശാസ്ത്രമാണ് ഉയർത്തിപ്പിടിക്കുന്നത്.