ദുബായ് ബിഗ് ടിക്കറ്റ് പോലുള്ള ലോട്ടറി അടിച്ചാൽ 50 കോടി രൂപ വരെ ഒറ്റ രാത്രി കൊണ്ട് അക്കൗണ്ടിലെത്തും. എന്നാൽ ഈ പണം നാട്ടിലേക്ക് കൊണ്ടുവരുമ്പോൾ നികുതി ബാധകമാണോ എന്നത് നിങ്ങളുടെ റെസിഡൻഷ്യൽ സ്റ്റാറ്റസിനെ ആശ്രയിച്ചിരിക്കും. അർപ്പണ അസോസിയേറ്റ്സിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് അർപ്പണ ഈ വിഷയം വിശദീകരിക്കുന്നു.
പ്രവാസികൾക്ക് (NRI) ആശ്വാസകരമായ വാർത്ത: വിദേശ ലോട്ടറി വരുമാനം ഇന്ത്യയിൽ നികുതി രഹിതമാണ്. എൻആർഐ അക്കൗണ്ടിലേക്ക് ഇൻവേർഡ് റെമിറ്റൻസ് ആയി പണം മാറ്റാം. എന്നാൽ നാട്ടിലിരുന്ന് ഓൺലൈനായി ടിക്കറ്റ് എടുത്തവർക്ക് കാര്യങ്ങൾ സങ്കീർണമാണ്. ഇന്ത്യൻ ഫണ്ട് ഉപയോഗിച്ച് വിദേശ ലോട്ടറി ടിക്കറ്റ് വാങ്ങുന്നത് ഫെമ നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. ഇങ്ങനെ ചെയ്താൽ പണം ബാങ്കിൽ തടയപ്പെടുകയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വരെ നേരിടേണ്ടി വരികയും ചെയ്യും. പിഴ തുകയുടെ മൂന്നിരട്ടി വരെ ആകാം.
ഇന്ത്യയിൽ ലോട്ടറി വരുമാനത്തിന് സെക്ഷൻ 115 ബിബി പ്രകാരം ഫ്ലാറ്റ് 30% നികുതിയും 4% ഹെൽത്ത് ആൻഡ് എജുക്കേഷൻ സെസ്സും ബാധകമാണ്. റെസിഡന്റുകളുടെ ആഗോള വരുമാനം ഇന്ത്യയിൽ നികുതിക്ക് വിധേയമായതിനാൽ ഇരട്ട നികുതി ഒഴിവാക്കാൻ ഡബിൾ ടാക്സേഷൻ ട്രീറ്റി പ്രകാരം ആശ്വാസം ലഭിക്കും. ലോട്ടറി സർട്ടിഫിക്കറ്റും ബാങ്ക് സ്റ്റേറ്റ്മെന്റും സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. വലിയ തുകയുടെ ഇടപാടുകൾക്ക് സാമ്പത്തിക വിദഗ്ധന്റെ ഉപദേശം തേടുക.