വയറിലെയും മലാശയത്തിലെയും കാൻസർ കേസുകൾ ഇന്ന് വർദ്ധിച്ചുവരികയാണെന്നും പലപ്പോഴും രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നത് ചികിത്സ ദുഷ്കരമാക്കുന്നുവെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. തുടക്കത്തിൽ തന്നെ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാൽ രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുന്നത് തടയാനും പൂർണ്ണമായി ഭേദമാക്കാനും സാധിക്കും.
അകാരണമായി ശരീരഭാരം കുറയുക, വിട്ടുമാറാത്ത ഗ്യാസ് അല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ, മലത്തിൽ രക്തം കാണപ്പെടുക, മലം പെൻസിൽ പോലെ വളരെ നേർത്തു പോകുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കൂടാതെ, വിട്ടുമാറാത്ത മലബന്ധവും വയറിളക്കവും മാറിമാറി വരിക, വയറ്റിൽ എപ്പോഴും കനം അനുഭവപ്പെടുക, ഓക്കാനം, ശർദ്ദി (ചിലപ്പോൾ രക്തത്തിന്റെ അംശത്തോടെ), വിളർച്ച അല്ലെങ്കിൽ ഹീമോഗ്ലോബിൻ കുറയുക എന്നിവയും അവഗണിക്കരുത്. 40 വയസ്സിന് മുകളിലുള്ളവർ, പാരമ്പര്യമായി കാൻസർ ചരിത്രമുള്ളവർ, അശാസ്ത്രീയമായ ഭക്ഷണരീതി പിന്തുടരുന്നവർ, വ്യായാമം ഇല്ലാത്തവർ, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളുള്ളവർ എന്നിവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
ലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരം സ്കാനിങ്, കൊളോണോസ്കോപ്പി, എൻഡോസ്കോപ്പി അല്ലെങ്കിൽ സി.ഇ.എ (CEA), എ.എഫ്.പി (AFP) തുടങ്ങിയ ട്യൂമർ മാർക്കർ രക്തപരിശോധനകൾക്ക് വിധേയമാകേണ്ടതാണ്. രോഗനിർണ്ണയത്തെ ഭയപ്പെടാതെ തുടക്കത്തിൽ തന്നെ കണ്ടെത്തുകയാണെങ്കിൽ സർജറിയിലൂടെയും മരുന്നുകളിലൂടെയും കാൻസറിനെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഡോ. മുഹമ്മദ് അസ്ലം വ്യക്തമാക്കുന്നു.