Thanks for watching! Content unlocked for this session.

എബോള: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം - സർക്കാർ യാത്രാ ഉപദേശം പുറപ്പെടുവിച്ചു

കോവിഡിനു ശേഷം വീണ്ടും ഭീതി പടർത്തിക്കൊണ്ട് എബോള വൈറസ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ ഇന്ത്യയിൽ ഒരു ഭീഷണിയും നിലനിൽക്കുന്നില്ലെങ്കിലും പല രാജ്യങ്ങളിലും ഇത് പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള എല്ലാതരം അനാവശ്യ യാത്രകളും ഒഴിവാക്കാനാണ് ഇന്ത്യ സർക്കാർ തങ്ങളുടെ പൗരന്മാരെ ഉപദേശിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിൽ താമസിക്കുന്ന പൗരന്മാർ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും നിർദ്ദേശിച്ചു.

ലോകാരോഗ്യ സംഘടനയും ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷനും പകർച്ചവ്യാധിയെ ആഗോള അടിയന്തര ആശങ്കയായി പ്രഖ്യാപിച്ചതിനു ശേഷമാണ് ഈ വികസനം. 2026 മെയ് 17ന് WHO സ്ഥിതിഗതികൾ അന്താരാഷ്ട്ര ആശങ്കയുടെ പൊതുജന ആരോഗ്യ അടിയന്തരാവസ്ഥയായി നിർണയിച്ചു.

ബുഡിബുഗോ എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം വളരെ മാരകമായ ഹെമറാജിക് പനിയാണ്. ഈ പ്രത്യേക വകഭേദം തടയുന്നതിനോ ചികിത്സിക്കുന്നതിനോ അംഗീകൃത വാക്സിനുകളോ പ്രത്യേക മരുന്നുകളോ ലഭ്യമില്ല. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ WHO നിരുത്സാഹപ്പെടുത്തുന്നു.

കൊച്ചി വിമാനത്താവളത്തിൽ (CIAL) മുൻകരുതൽ നടപടികൾ ശക്തമാക്കി. 24 മണിക്കൂറും സർവൈലൻസ് സംവിധാനം, തെർമൽ സ്ക്രീനിങ്, വിഷ്വൽ ഇൻസ്പെക്ഷൻ, 21 ദിവസത്തെ ട്രാവൽ ഹിസ്റ്ററി പരിശോധന എന്നിവ ഏർപ്പെടുത്തി. അന്താരാഷ്ട്ര യാത്രക്കാർ ഇമിഗ്രേഷൻ വിഭാഗത്തിന് സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കണം.

മെയ് 14ലാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. 300ഓളം പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് നിലവിലെ കണക്ക്. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ശർദ്ദി, ശരീരത്തിൽ നിന്നും രക്തം ഒഴുകിപ്പോകൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ഏതായാലും ജാഗ്രത പാലിക്കുക.