Thanks for watching! Content unlocked for this session.

വീണ വിജയനെതിരായ ഇഡി അന്വേഷണം ശക്തമാക്കുന്നു; സ്വത്ത് കണ്ടുകെട്ടലിലേക്ക് നീങ്ങാൻ എൻഫോഴ്സ്മെന്റ്

സിഎംആർഎൽ-എക്സാലോജിക് കള്ളപ്പണ ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവ് സിഎംആർഎല്ലിന് താൽക്കാലിക ആശ്വാസം നൽകുന്നതാണെന്നും അത് വീണ വിജയനെതിരെയുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നു. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ശക്തമായ തെളിവുകളോടെയാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.

യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് സിഎംആർഎല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്ന് ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ വീണയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഈ രേഖകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാക്കിയ ശേഷം ചോദ്യം ചെയ്യലിനായി വീണയ്ക്ക് ഉടൻ സമൻസ് അയക്കുമെന്നാണ് സൂചന. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് ശേഷമായിരിക്കും സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഏജൻസി കടക്കുക.

ഇതിനിടെ, മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ വെച്ച് ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിക്കപ്പെട്ട സംഭവത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇന്റലിജൻസും അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. മുൻപ് ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായപ്പോൾ അന്വേഷണം സിബിഐക്ക് വിട്ട മാതൃകയിൽ ഈ കേസിന്റെ വിവരങ്ങളും കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ ഈ കേസ് വരുംദിവസങ്ങളിൽ കൂടുതൽ നിർണായകമാകും.