Thanks for watching! Content unlocked for this session.

ഫിഫ ലോകകപ്പ് 2026: ആദ്യ റൗണ്ടിൽ പുറത്തായാലും കോടികൾ; സമ്മാനത്തുകയിലും സംപ്രേഷണത്തിലും വൻ മാറ്റങ്ങൾ

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിൽ സമ്മാനത്തുകയിൽ വൻ വർദ്ധനവ്. ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഉയർത്തിയതോടെയാണ് സമ്മാനത്തുകയിലും റെക്കോർഡ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇത്തവണ ആദ്യ റൗണ്ടായ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ പുറത്താകുന്ന ടീമുകൾക്ക് പോലും 77 കോടി രൂപ വീതം ലഭിക്കും.

ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഏകദേശം 430 കോടി ഇന്ത്യൻ രൂപയാണ്. റണ്ണേഴ്സ് അപ്പിന് 284 കോടി രൂപയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 249 കോടി, 232 കോടി രൂപ വീതവും ലഭിക്കും. അഞ്ച് മുതൽ എട്ട് വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് 163 കോടി രൂപ വീതവും, ഒൻപത് മുതൽ 16 വരെ സ്ഥാനങ്ങളിലുള്ളവർക്ക് 129 കോടി രൂപ വീതവും ലഭിക്കും. രണ്ടാം റൗണ്ടിൽ പുറത്താകുന്ന ടീമുകൾക്ക് 95 കോടി രൂപ വീതം ലഭിക്കുമ്പോൾ, ലോകകപ്പിനുള്ള ഒരുക്കങ്ങൾക്കായി യോഗ്യത നേടിയ 48 ടീമുകൾക്കും 21 കോടി രൂപ വീതം ഫിഫ നേരത്തെ തന്നെ നൽകിയിട്ടുണ്ട്. കളിക്കാരെ വിട്ടുനൽകുന്ന ക്ലബ്ബുകൾക്കും ഇത്തവണ വലിയ തുക ഫിഫയിൽ നിന്ന് ലഭിക്കും.

ഇന്ത്യ ഉൾപ്പെടെയുള്ള ചില പ്രധാന വിപണികളിൽ ലോകകപ്പിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം ഇതുവരെ ഔദ്യോഗികമായി വിറ്റുപോയിട്ടില്ല. ബ്രസീലിൽ കാസേ ടിവി വഴി മത്സരങ്ങൾ സൗജന്യമായി കാണാമെങ്കിലും ഇന്ത്യയിലെ ആരാധകർക്ക് ഇത് ലഭ്യമാകില്ല. ഇന്ത്യയിൽ സംപ്രേഷണാവകാശം സ്വന്തമാക്കാൻ പ്രമുഖ മാധ്യമ ശൃംഖലയായ സി ഗ്രൂപ്പ് (Zee Group) 30 മുതൽ 35 മില്യൺ ഡോളർ വരെ മുടക്കാൻ തയ്യാറായി ഫിഫയുമായി ചർച്ചകൾ നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ. ഉയർന്ന തുക കാരണം റിലയൻസ്-ഡിസ്നി സഖ്യം ലേലത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് സി ഗ്രൂപ്പ് രംഗത്തെത്തിയത്.