Thanks for watching! Content unlocked for this session.

പശ്ചിമ ബംഗാളിൽ ജൂൺ ഒന്നുമുതൽ സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര

പശ്ചിമ ബംഗാളിൽ എല്ലാ സർക്കാർ ബസുകളിലും ജൂൺ ഒന്നുമുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ആരംഭിക്കുകയാണ്. തെരഞ്ഞെടുപ്പ് വേളയിൽ ബിജെപി നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.

പശ്ചിമ ബംഗാളിൽ സർവീസ് നടത്തുന്ന ഹ്രസ്വ, ദീർഘദൂര റൂട്ട് സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്യുആർ കോഡും ഫോട്ടോയും ഗുണഭോക്തൃ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ സ്മാർട്ട് കാർഡ് സർക്കാർ പുറത്തിറക്കും.

ബന്ധപ്പെട്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർക്കോ സബ്ഡിവിഷണൽ ഓഫീസർക്കോ ഓഫീസുകൾ വഴി സ്ത്രീകൾക്ക് കാർഡിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഫോട്ടോയും ഒരു അംഗീകൃത തിരിച്ചറിയൽ രേഖയും സമർപ്പിക്കണം.

സ്മാർട്ട് കാർഡുകളുടെ വിതരണം വൈകാൻ സാധ്യത ഉള്ളതിനാൽ, ഫോട്ടോയോടു കൂടിയ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ജൂൺ ഒന്നുമുതൽ തന്നെ സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താമെന്ന് ഗതാഗത വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. യാത്രക്കാരായ സ്ത്രീകൾ തിരിച്ചറിയൽ രേഖ കാണിക്കുന്ന മുറയ്ക്ക് ഡ്യൂട്ടിയിലുള്ള കണ്ടക്ടർ സീറോ വാല്യൂ ടിക്കറ്റോ തെർമൽ പേപ്പർ ടിക്കറ്റോ നൽകും.

സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് ബംഗാൾ.

അതേസമയം, കേരളത്തിലും ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏതൊക്കെ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ലഭിക്കുമെന്നതിൽ ചർച്ചകൾ നടന്നുവരികയാണ്. പദ്ധതി നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്ക് വലിയ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ.