വീട്ടിൽ അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തി യഥാസ്ഥാനത്ത് നട്ടുപിടിപ്പിക്കുന്നത് സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനും വാസ്തുദോഷങ്ങൾ ഇല്ലാതാക്കാനും സഹായിക്കും. ഭദ്രകാളി ദേവിയുടെ പ്രീതിയുള്ള ഈ ചെടി വീട്ടിലെ നെഗറ്റീവ് എനർജി അകറ്റാനും ശത്രുദോഷങ്ങളിൽ നിന്നും കണ്ണേറിൽ നിന്നും കുടുംബത്തെ സംരക്ഷിക്കാനും ഉത്തമമാണെന്ന് പരമ്പരാഗത വിശ്വാസങ്ങൾ വ്യക്തമാക്കുന്നു.
വാസ്തുശാസ്ത്രപ്രകാരം വീടിന്റെ വടക്കുഭാഗത്ത് ചെമ്പരത്തി നട്ടുവളർത്തുന്നത് ധനവരവിനും തടസ്സങ്ങൾ മാറാനും സഹായിക്കും. കൂടാതെ, അതിരുതിരിച്ച ശേഷം തെക്കുപടിഞ്ഞാറ് ഭാഗമായ കന്നിമൂലയിൽ ചെമ്പരത്തി നടുന്നത് വാസ്തുദോഷങ്ങളും നെഗറ്റീവ് ഊർജ്ജവും ഇല്ലാതാക്കാൻ ഉത്തമമാണ്. വീടിനു മുന്നിൽ രാവിലെ ഒരു ഉരുളിയിൽ വെള്ളം നിറച്ച് അതിൽ അഞ്ചിതളുള്ള ചുവന്ന ചെമ്പരത്തി വെക്കുന്നത് വീട്ടിലേക്ക് വരുന്ന ദോഷങ്ങളെ തടയാൻ സഹായിക്കുമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.