നമ്മുടെ ജീവിതത്തിലെ വിജയങ്ങളിലും സന്തോഷങ്ങളിലും പങ്കുചേരുന്നതിന് പകരം, ചിലർ ചോദിക്കുന്ന നിഷ്കളങ്കമെന്ന് തോന്നുന്ന ചോദ്യങ്ങൾക്ക് പിന്നിൽ അസൂയ ഒളിഞ്ഞിരിപ്പുണ്ടാകാമെന്ന് മനഃശാസ്ത്രപരമായ വിലയിരുത്തലുകൾ വ്യക്തമാക്കുന്നു. പ്രശസ്ത തത്വചിന്തകനായ ഫെഡറിക് നീച്ചയുടെ നിരീക്ഷണപ്രകാരം, അസൂയ ഒരിക്കലും നേരിട്ടുള്ള ദേഷ്യമായല്ല പുറത്തുവരുന്നത്, മറിച്ച് അത് മുറിവേറ്റ അഹങ്കാരത്തിന്റെ നിഴലായി ഇത്തരം ചെറിയ ചോദ്യങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയുമാണ് പ്രകടമാകുന്നത്.
അസൂയയുള്ളവർ സാധാരണയായി ചോദിക്കുന്ന പ്രധാന ചോദ്യങ്ങളെക്കുറിച്ച് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കഠിനാധ്വാനത്തെ വെറും ‘ഭാഗ്യം’ എന്ന് പറഞ്ഞ് തള്ളിക്കളയുക, “ഇതൊക്കെ എത്രനാൾ ഇങ്ങനെ പോകും” എന്ന് ചോദിച്ച് പരാജയത്തെക്കുറിച്ച് ഓർമ്മിപ്പിക്കുക, ശമ്പളത്തെയും വരുമാനത്തെയും കുറിച്ച് ചോദിച്ച് സ്വയം താരതമ്യം ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ കാര്യങ്ങൾ ചെയ്യാൻ ഭയപ്പെടുന്ന ഇവർ, മറ്റുള്ളവരുടെ റിസ്ക് എടുക്കാനുള്ള ധൈര്യത്തെ ചോദ്യം ചെയ്യുകയും അവരുടെ ഉള്ളിലെ ഭയം മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്വന്തമായി ലക്ഷ്യങ്ങളില്ലാത്തതും ആത്മവിശ്വാസക്കുറവുമാണ് ഇത്തരം പെരുമാറ്റങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.
ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അസൂയയുള്ളവരോട് സ്വന്തം വിജയങ്ങളെക്കുറിച്ചോ ലക്ഷ്യങ്ങളെക്കുറിച്ചോ കൂടുതൽ വിശദീകരിക്കാൻ നിൽക്കാതിരിക്കുകയും മറുപടികൾ ചുരുക്കുകയും ചെയ്യുക എന്നതാണ് ആദ്യ പടി. മറ്റുള്ളവരുടെ വിഷമം ഒഴിവാക്കാൻ വേണ്ടി സ്വന്തം വിജയങ്ങളെ ഒരിക്കലും ചെറുതാക്കി കാണിക്കേണ്ടതില്ല. ഇത്തരം ചോദ്യങ്ങളോട് ദേഷ്യപ്പെടാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ പെരുമാറുകയും, ആവശ്യമെങ്കിൽ അവരിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയും ചെയ്യുക എന്നതാണ് സമാധാനപരമായ ജീവിതത്തിന് ഏറ്റവും അനുയോജ്യം.