Thanks for watching! Content unlocked for this session.

ഐഎഎസ് തലപ്പത്തെ അഴിച്ചുപണി; മന്ത്രിമാർക്ക് അതൃപ്തി

പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു തൊട്ടുപിന്നാലെ ഐഎഎസ് തലപ്പത്ത് നടത്തിയ വൻ അഴിച്ചുപണിയിൽ ചീഫ് സെക്രട്ടറിയുടെ നടപടികളിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു മന്ത്രിമാർ രംഗത്ത് വന്നു. പുതിയ ഭരണതല പുനഃസംഘടനയിൽ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചനകൾ നടത്തിയില്ല എന്നതാണ് പ്രധാന ആക്ഷേപം.

പ്രമുഖ ജില്ലകളിലെ കളക്ടർമാരുടെ മാറ്റം റവന്യൂ മന്ത്രി എ പി അനിൽകുമാർ അറിയാതെയാണ് ചീഫ് സെക്രട്ടറി നടത്തിയത്. കൂടാതെ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചതും വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയാതെയാണ്. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയമായ ഈ നടപടികളിലാണ് മന്ത്രിമാർ ഇപ്പോൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

പുതിയ ഭരണകൂടം നിലവിൽ വന്നതിനു പിന്നാലെ ഭരണസിരാകേന്ദ്രത്തിൽ ഉണ്ടായ ഈ അടിയന്തര അഴിച്ചുപണിയും അതിനെ ചൊല്ലി ചീഫ് സെക്രട്ടറിക്കെതിരെ മന്ത്രിമാർക്കിടയിൽ ഉയർന്ന അതൃപ്തിയും വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചേക്കും.

ചീഫ് സെക്രട്ടറി പുറത്തിറക്കിയ പുതിയ മാറ്റങ്ങൾ പ്രകാരം രത്തൻ ഖേൽക്കരെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ ജിഎസ്ടി വകുപ്പ് കമ്മീഷണറായ പാറ്റേൽ അജിത് ഭഗവത് റാവു ഐഎഎസിനെ ധനകാര്യ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു. കണ്ണൂർ കളക്ടർ ആയിരുന്ന അരുൺ കെ വിജയൻ ഐഎഎസിനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത് വിവാദമായി. നവീൻ ബാബു ആത്മഹത്യ കേസിൽ ആരോപണ വിധേയനായ കളക്ടറാണ് അരുൺ കെ വിജയൻ.

പാലക്കാട് കളക്ടറായിരുന്ന മാധവിക്കുട്ടി എം എസ് കോഴിക്കോട് ജില്ലാ കളക്ടറായും, നിസാമുദ്ദീൻ ഐഎഎസിനെ പത്തനംതിട്ട ജില്ലാ കളക്ടറായും, ആനി ജൂല തോമസ് കൊല്ലം ജില്ലാ കളക്ടറായും, സുധീർ കെ പാലക്കാട് ജില്ലാ കളക്ടറായും നിയമിതരായിട്ടുണ്ട്.