ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതി കൃത്യമായി മനസ്സിലാക്കാൻ സഹായിക്കുന്ന ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കാൽപ്പാദങ്ങൾ എന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന്റെ ഭാരത്തിന്റെ പകുതിയും താങ്ങുന്നതും രക്തയോട്ടത്തിന്റെ വലിയൊരു പങ്കും നിയന്ത്രിക്കുന്നതുമായ പാദങ്ങളെ പലപ്പോഴും ‘രണ്ടാമത്തെ ഹൃദയം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
പാദങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ ഗുരുതരമായ പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം. പാദങ്ങളിലെ തരിപ്പും മരവിപ്പും പ്രമേഹത്തിന്റെ ലക്ഷണമാകുമ്പോൾ, നീരു വന്ന് വീർക്കുന്നതും പുകച്ചിലും ലിവർ അല്ലെങ്കിൽ കിഡ്നി തകരാറുകളെയാണ് സൂചിപ്പിക്കുന്നത്. പാദങ്ങളിലെ നിറംമാറ്റവും കരിവാളിപ്പും അങ്ങോട്ടേക്കുള്ള രക്തയോട്ടം കുറവാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.
വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ആരോഗ്യം നിലനിർത്താനും പാദങ്ങളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. നടക്കാൻ ബുദ്ധിമുട്ടുള്ളവർ കിടന്നുകൊണ്ട് തന്നെ ദിവസവും നൂറോ ഇരുനൂറോ തവണ പാദങ്ങൾ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നതും വട്ടത്തിൽ തിരിക്കുന്നതും രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും. കൂടാതെ, ഉറങ്ങുന്നതിന് മുൻപ് ചെറുചൂടുവെള്ളത്തിൽ ഉപ്പ്, നാരങ്ങാനീര്, ഇഞ്ചി എന്നിവ ചേർത്ത് കാലുകൾ മുക്കിവെക്കുന്നത് ഫംഗൽ ഇൻഫെക്ഷനുകൾ മാറാനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു.