രാജ്യത്തെ 140 കോടി ജനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ് നടപടികൾക്ക് തുടക്കമായി. കോവിഡ് മഹാമാരിയെയും തിരഞ്ഞെടുപ്പുകളെയും തുടർന്ന് വൈകിയ സെൻസസ്, 15 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നടക്കുന്നത്. 2027 വരെ നീളുന്ന ഈ വിപുലമായ കണക്കെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക.
ആദ്യഘട്ടത്തിൽ വീടുകളുടെയും ആസ്തികളുടെയും വിവരശേഖരണവും രണ്ടാം ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളും ജാതി സെൻസസും ഉൾപ്പെടുന്ന ജനസംഖ്യാ കണക്കെടുപ്പും നടക്കും. കേരളത്തിൽ ജൂൺ 16 മുതൽ ജൂൺ 30 വരെയാണ് ഓൺലൈൻ വഴിയുള്ള സെൽഫ് എന്യൂമറേഷൻ സൗകര്യം ലഭ്യമാകുക. പൊതുജനങ്ങൾക്ക് selfcensus.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി വിവരങ്ങൾ സ്വയം രേഖപ്പെടുത്തി 16 അക്ക യൂണിക് ഐഡി (SEID) കൈപ്പറ്റാം. ജൂലൈ 1 മുതൽ ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ ഈ ഐഡി നൽകിയാൽ മതിയാകും.
1948-ലെ സെൻസസ് ആക്ട് പ്രകാരം സെൻസസ് ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിന് 1000 രൂപ വരെ പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കാം. അതേസമയം, സെൻസസ് സമയത്ത് അടഞ്ഞുകിടക്കുന്ന വീടുകൾ കണക്കെടുപ്പിൽ ഉൾപ്പെടുത്തില്ലെന്ന കമ്മീഷന്റെ തീരുമാനം കേരളത്തിലെ പ്രവാസികൾക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്.