കേരളത്തിന്റെ ആരോഗ്യവകുപ്പ് ഇനി പുതിയൊരു ചരിത്രത്തിലേക്ക് വഴിമാറാൻ പോവുകയാണ്. ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞ് അധികാരമേറ്റയുടൻ സിംഹഗർജനം പോലെ ആദ്യ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പുതിയ ആരോഗ്യ വകുപ്പ് മന്ത്രിയായ കെ മുരളീധരൻ. വാക്കുകളിൽ തരുമ്പും വിട്ടുവീഴ്ചയില്ലാത്ത ജനപക്ഷത്തിൽ നിന്നും ചിന്തിക്കുന്ന ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യമായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കിലും നിഴലിച്ചത്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വീണാ ജോർജ് അവശേഷിപ്പിച്ചുപോയ വലിയ പൊല്ലാപ്പുകൾക്കും പ്രതിസന്ധികൾക്കും അറുതിവരുത്തുക എന്ന അതിഗുരുതരമായ ദൗത്യമാണ് ഇന്ന് മുരളിയുടെ മുന്നിലുള്ളത്.
തിരുവനന്തപുരത്ത് രണ്ട് മെഡിക്കൽ കോളേജുകൾ: ജനങ്ങൾക്ക് കൊടുത്ത വാക്കാണ് രണ്ടാമത്തെ മെഡിക്കൽ കോളേജ് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നത്. ഇത് വെറും രാഷ്ട്രീയ പ്രഖ്യാപനമല്ല, ജനങ്ങൾക്ക് താൻ നൽകിയ അടിയുറച്ച വാക്കാണെന്നും അത് അക്ഷരം പ്രതിപാലിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു.
ആർഭാടങ്ങൾക്കും ദൂർത്തുകൾക്കും വിലക്ക്: അനാവശ്യ യാത്രകളും ചടങ്ങുകളും പൂർണമായും ഒഴിവാക്കും. സർക്കാർ ചെലവുകൾ പരമാവധി ചുരുക്കും. മന്ത്രിയായ തന്റെ പേരിൽ സ്വീകരണങ്ങളോ ചടങ്ങുകളോ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള: ശബരിമല സ്വർണക്കൊള്ളയെ കുറിച്ച് ഊർജിതമായ അന്വേഷണം ഉണ്ടാകും. കുറ്റവാളികൾ എത്ര ഉന്നതരായാലും അവർ നിയമത്തിനു മുന്നിൽ വിറക്കേണ്ടി വരും.
ആരോഗ്യ സംവിധാനം ശരിയാക്കും: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വരെയുള്ള ആശുപത്രികളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ട്രാൻസ്ഫറും പോസ്റ്റിംഗും നോംസ് അനുസരിച്ച് മാത്രമേ നടത്തൂ.
ജനങ്ങൾക്ക് ലഭ്യമായ നേതാവ്: കഴിഞ്ഞ മന്ത്രിക്ക് ഏറ്റവും വലിയ പരാതി എംഎൽഎ മാർക്ക് പോലും ഫോണിൽ കിട്ടില്ല എന്നുള്ളതായിരുന്നു. ഇപ്പോൾ വളരെ ലഭ്യമായ നേതാവായിരിക്കും മുരളീധരനെന്ന് അദ്ദേഹം ഉറപ്പുനൽകി. കോൺസ്റ്റിറ്റ്യുവൻസിക്ക് വേണ്ടി പ്രത്യേക സംവിധാനവും ഉണ്ടാകും.
താൻ വാക്കുകളിലല്ല, പ്രവർത്തിയിലാണ് വിശ്വസിക്കുന്നതെന്ന് തെളിയിച്ചുകൊണ്ട് കെ മുരളീധരൻ തന്റെ ദൗത്യത്തിലേക്ക് ചുവടുവെക്കുകയാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വന്നതിനുശേഷം ബാക്കി കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.