Thanks for watching! Content unlocked for this session.

കെ വാസുകി ഐഎഎസ്: സത്യപ്രതിജ്ഞാ വേദിയിലെ താരം

മെയ് നാലിന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നു. യുഡിഎഫ് നല്ല രീതിയിൽ വിജയിച്ചു. ദിവസങ്ങൾക്കുശേഷം മുഖ്യമന്ത്രിയെ തീരുമാനിച്ചു, കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോൾ സത്യപ്രതിജ്ഞ നടന്നു. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്ര ജനം സത്യപ്രതിജ്ഞക്ക് എത്തി. എന്നാൽ ആ ദിവസത്തെ ശ്രദ്ധാകേന്ദ്രം വിഡി സതീശനോ മന്ത്രിമാരോ ആയിരുന്നില്ല. രാഹുൽ ഗാന്ധിയോ പ്രിയങ്കയോ ഡികെ ശിവകുമാറോ ഒന്നുമായിരുന്നില്ല അന്നത്തെ താരം. സത്യപ്രതിജ്ഞാ ചടങ്ങിലെ ക്യാമറ കണ്ണുകൾ ഉടക്കിയത് ഡോക്ടർ കെ വാസുകി ഐഎഎസിന്റെ മുഖത്തായിരുന്നു.

സത്യപ്രതിജ്ഞാ ഫയലുകൾ കൈമാറിക്കൊണ്ട് വേദിയിൽ സജീവമായിരുന്ന വാസുകിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലാകെ തരംഗമായി. വാസുകിയെ അറിയാത്തവർ ആരാണെന്നറിയാൻ ഗൂഗിളിൽ തിരഞ്ഞു. എന്നാൽ വാസുകിയെ അറിയാവുന്നവർക്ക് ഓർമ്മയുണ്ടാകും — 2017ൽ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു അവർ. വെറുമൊരു ഔദ്യോഗിക സാന്നിധ്യത്തിനപ്പുറം കേരളത്തിന്റെ ഭരണ ദുരന്തനിവാരണ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥയാണ് ഡോക്ടർ കെ വാസുകി.

പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ വാസുകി കഴിഞ്ഞ ദിവസമാണ് ഗവർണറുടെ സെക്രട്ടറിയായി ചുമതലയേറ്റത്. ഈ ഔദ്യോഗിക പദവിയുടെ ഭാഗമായാണ് അവർ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിയന്ത്രിക്കാൻ മുന്നിലെത്തിയത്.

ചെന്നൈ സ്വദേശിയായ വാസുകി ഒരു ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് 2008ൽ സിവിൽ സർവീസിലേക്ക് എത്തിയത്. ജനങ്ങളെ സേവിക്കാൻ ഒരു ഡോക്ടറെക്കാൾ കൂടുതൽ അവസരം ഐഎഎസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്ന തിരിച്ചറിവ് അവരെ ഭരണരംഗത്തേക്ക് എത്തിച്ചു. മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് നേടി. ആദ്യം മധ്യപ്രദേശ് കേഡറിലായിരുന്ന ഇവർ ഭർത്താവ് ഡോക്ടർ എസ് കാർത്തികേയൻ സിവിൽ സർവീസിലേക്ക് എത്തിയതോടെ 2013ൽ കേരള കേഡറിലേക്ക് മാറി.

2018ലെ മഹാപ്രളയകാലത്ത് തലസ്ഥാന ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും കളക്ഷൻ സെന്ററുകളും രാപ്പകലില്ലാതെ ഏകോപിപ്പിച്ച് വാസുകി ജനങ്ങളുടെ വലിയ ജനപ്രീതി പിടിച്ചുപറ്റി. ദുരിതബാധിതർക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീത പരിപാടിയിലെ വാസുകിയുടെ പ്രസംഗം ഏറെ കയ്യടി നേടി. തമിഴ് കലർന്ന മലയാളത്തിലായിരുന്നു ആ പ്രസംഗം. “ഏറ്റവും വലിയ നന്ദി പറയേണ്ടത് നിങ്ങൾ എല്ലാവരോടുമാണ്,” എന്നും “കേരളത്തിനു വേണ്ടി ഒരു ഓപ്പോട്” എന്നും അവർ പറഞ്ഞത് സദസ്സിനെ ഇളക്കിമറിച്ചു.

വാസുകിയുടെ ഉയർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നും ചർച്ചയുണ്ട്. പിണറായി സർക്കാരിൽ കോൺഗ്രസിന്റെ അന്തരിച്ച മുതിർന്ന നേതാവ് ജി കാർത്തികേയന്റെ മകനും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥന്റെ ഭാര്യ ദിവ്യ എസ് അയ്യർക്ക് കഴിഞ്ഞ ഭരണകാലത്ത് നിർണായക സ്വാധീനമുണ്ടായിരുന്നു. പിണറായിയുടെ കടുത്ത വിശ്വസ്തരുടെ പട്ടികയിലായിരുന്ന ദിവ്യയെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തലപ്പത്തേക്ക് നിയമിച്ചത് പിണറായി നേരിട്ടായിരുന്നു. പുതിയ മുഖ്യമന്ത്രി വിഡി സതീശനെ സ്വീകരിക്കാൻ ദിവ്യ മുൻബന്ധിയിൽ തന്നെ എത്തിയത് കോൺഗ്രസിലെ ചില നേതാക്കളുടെ വിമർശത്തിന് കാരണമായി. ഈ സാഹചര്യത്തിലാണ് ദിവ്യയെ ഒതുക്കാൻ വാസുകിയെ സതീശൻ നിർണായക പദവിയിലേക്ക് കൊണ്ടുവന്നതായി പലരും ചിന്തിക്കുന്നത്.