ഗുജറാത്തിലെ ഖംബാദ് ഉൾക്കടലിന് കുറുകെ 60 കിലോമീറ്റർ നീളമുള്ള ഭീമൻ അണക്കെട്ട് നിർമ്മിച്ച് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത ശുദ്ധജല തടാകം സൃഷ്ടിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. പതിറ്റാണ്ടുകളായി കടുത്ത വരൾച്ചയും കുടിവെള്ളക്ഷാമവും നേരിടുന്ന സൗരാഷ്ട്ര, കച്ച് മേഖലകളുടെ ദാഹം മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ കൽപസാർ പദ്ധതി. കടലിലേക്ക് ഒഴുക്കിക്കളയുന്ന കോടിക്കണക്കിന് ലിറ്റർ നദീജലം തടഞ്ഞുനിർത്തി കടലിന് നടുവിൽ ഒരു ശുദ്ധജല സംഭരണി ഒരുക്കുക എന്ന വിപ്ലവകരമായ ആശയമാണ് ഇതിന് പിന്നിലുള്ളത്.
അലാദർ മുതൽ ഭാവനഗർ വരെ നിർമ്മിക്കുന്ന ഈ അണക്കെട്ടിന്റെ 26 കിലോമീറ്ററോളം ഭാഗം പൂർണ്ണമായും കടലിനുള്ളിലാണ് വരുന്നത്. സബർമതി, മഹി, ദാദർ, നർമദ തുടങ്ങി നാല് പ്രധാന നദികളിലെയും ഏഴോളം ചെറുനദികളിലെയും ജലം സംഭരിക്കുന്നതിലൂടെ ഏകദേശം 8,000 ദശലക്ഷം ക്യൂബിക് മീറ്റർ ശുദ്ധജലം ഇവിടെ സംഭരിക്കാൻ സാധിക്കും. 1955-ൽ ‘നെഡേക്കോ’ എന്ന ഡച്ച് കമ്പനി ആദ്യമായി മുന്നോട്ടുവെച്ച ഈ ആശയം, 2003-ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കൃത്യമായ പഠനങ്ങളിലൂടെ യാഥാർത്ഥ്യത്തിലേക്ക് അടുത്തത്.
ജലസേചനത്തിന് പുറമെ, അണക്കെട്ടിന് മുകളിലൂടെയുള്ള ഗതാഗത പാത സൂററ്റും ഭാവനഗറും തമ്മിലുള്ള ദൂരം 240 കിലോമീറ്ററിൽ നിന്ന് വെറും 60 കിലോമീറ്ററായി കുറയ്ക്കും. കൂടാതെ, പദ്ധതിയിലൂടെ 1500 മെഗാവാട്ട് കാറ്റിൽ നിന്നുള്ള ഊർജ്ജവും 1000 മെഗാവാട്ട് സൗരോർജ്ജവും ഉത്പാദിപ്പിക്കാനും ശുദ്ധജല മത്സ്യബന്ധനം 20,000 ടണ്ണായി ഉയർത്താനും ലക്ഷ്യമിടുന്നു. സമുദ്രത്തിലെ ശക്തമായ അടിയൊഴുക്കുകളെയും പരിസ്ഥിതി വെല്ലുവിളികളെയും നേരിടാൻ ഡാം നിർമ്മാണത്തിൽ നൂറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള നെതർലാൻഡ്സുമായി ഇന്ത്യ ഔദ്യോഗിക സാങ്കേതിക കരാറിലും ഒപ്പുവെച്ചിട്ടുണ്ട്.