Thanks for watching! Content unlocked for this session.

ഈ സൗന്ദര്യം സിനിമാ പ്രമോഷന് ഉപയോഗിക്കൂ എന്ന് കങ്കണ; മറുപടിയുമായി ഗിരിജാ ഓക്ക്

തങ്ങളുടെ പുതിയ ചിത്രമായ ‘ഭാരത് ഭാഗ്യ വിധാത’യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ നടി ഗിരിജാ ഓക്കിനോട് തന്റെ സൗന്ദര്യം സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിക്കാൻ ആവശ്യപ്പെട്ട് കങ്കണാ റണൗട്ട്. കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ റീലുകളിലൂടെ വൈറലാവുകയും ‘നാഷണൽ ക്രഷ്’ എന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്ത മറാഠി നടിയാണ് ഗിരിജാ ഓക്ക്. കങ്കണയുടെ ഈ പരാമർശത്തിന് വളരെ രസകരമായ മറുപടിയാണ് താരം നൽകിയത്.

സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച ‘നാഷണൽ ക്രഷ്’ എന്ന പദവിയിൽ താൻ വിശ്വസിക്കുന്നില്ലെന്ന് ഗിരിജാ ഓക്ക് വ്യക്തമാക്കി. തന്റെ ലുക്കിനെക്കുറിച്ച് ആളുകൾ സംസാരിക്കുന്നുണ്ടെങ്കിലും, കാണാൻ എങ്ങനെയിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ താൻ ഒന്നും നേടിയിട്ടില്ലെന്നാണ് താരം പറയുന്നത്. എന്തെങ്കിലുമൊന്ന് ‘നാഷണൽ’ ആകണമെങ്കിൽ അതിനുള്ള സർട്ടിഫിക്കറ്റ് എവിടെനിന്നാണ് ലഭിക്കുകയെന്നും, കങ്കണ ‘നാഷണൽ’ ആയത് നിയമപരമായാണെങ്കിലും തന്റെ ‘നാഷണൽ ക്രഷ്’ പദവിക്ക് യാതൊരു നിയമസാധുതയുമില്ലെന്നും ഗിരിജ തമാശയോടെ കൂട്ടിച്ചേർത്തു.

രണ്ട് പതിറ്റാണ്ടോളമായി ഹിന്ദി, മറാഠി സിനിമകളിൽ സജീവമായ 37-കാരിയായ ഗിരിജാ ഓക്ക്, ആമിർ ഖാന്റെ ‘താരെ സമീൻപർ’, ഷാരൂഖ് ഖാന്റെ ‘ജവാൻ’ തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ലല്ലൻടോപ്പ്’ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് ഗിരിജ രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്.