നടനും പത്തനാപുരം എംഎൽഎയുമായ കെ. ബി. ഗണേഷ് കുമാർ തനിക്ക് ചെയ്തുതന്ന വലിയൊരു സഹായത്തെക്കുറിച്ച് വെളിപ്പെടുത്തി നടി കവിതാശ്രീ രംഗത്ത്. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ പ്രസിഡന്റ് കൂടിയായ ഗണേഷ് കുമാർ, തന്റെ മകളുടെ കോളേജ് അഡ്മിഷൻ പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇടപെട്ട് സഹായിച്ച കാര്യമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
നാല് വർഷം മുൻപ് 96 ശതമാനം മാർക്കുണ്ടായിരുന്ന തന്റെ മകളുടെ അഡ്മിഷൻ അബദ്ധത്തിൽ റദ്ദാക്കപ്പെട്ടപ്പോൾ സ്വന്തം മണ്ഡലത്തിലെ എംഎൽഎ കൈമലർത്തുകയായിരുന്നുവെന്ന് കവിതാശ്രീ പറയുന്നു. തുടർന്ന് ദിനേഷ് പണിക്കർ വഴിയാണ് ഗണേഷ് കുമാറിന്റെ നമ്പർ ലഭിക്കുന്നത്. പരിചയമില്ലാതിരുന്നിട്ടും അന്ന് രാത്രി തന്നെ തിരിച്ചുവിളിച്ച ഗണേഷ് കുമാർ, പിറ്റേന്ന് തന്റെ പി.എ അജിത്ത് വഴി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അഡ്മിഷൻ തിരികെ വാങ്ങി നൽകുകയായിരുന്നുവെന്ന് താരം കുറിച്ചു.
സാങ്കേതിക കാരണങ്ങളാൽ നാല് വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം നടന്ന ആത്മയുടെ യോഗത്തിൽ വെച്ച് കവിതാശ്രീക്ക് ഗണേഷ് കുമാറിനെ നേരിട്ട് കാണാൻ സാധിച്ചത്. അദ്ദേഹത്തോടൊപ്പം എടുത്ത സെൽഫി പങ്കുവെച്ചുകൊണ്ട്, പ്രതിസന്ധി ഘട്ടങ്ങളിൽ ആത്മയിലെ അംഗങ്ങൾക്ക് ചാരിനിൽക്കാൻ ഉറപ്പുള്ള ഒരു നെഞ്ചും നട്ടെല്ലുള്ള ഒരു നേതാവുമാണ് ഗണേഷ് കുമാർ എന്ന് താരം കൂട്ടിച്ചേർത്തു.