കെസി വേണുഗോപാൽ പക്ഷം കേരള കോൺഗ്രസ് മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരിൽ ഒൻപതും കൈയടക്കി അഭൂതപൂർവമായ ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്.
ബിഎൽഎം കേരള തമിഴ്നാട് പോണ്ടിച്ചേരി നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം ഉണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറിനിന്ന കെസി വേണുഗോപാൽ പക്ഷത്തിന് സർവ്വാധിപത്യമുള്ള സർക്കാരാണ് അധികാരത്തിലേറിയിരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു ഗ്രൂപ്പിനോ ഒരു നേതാവിനോ മന്ത്രിസഭയിൽ ഇത്രയും അധികം പ്രാതിനിത്യം ലഭിച്ച കാലഘട്ടം ഉണ്ടായിട്ടില്ലെന്ന് പറയാം.
മുഖ്യമന്ത്രി വിഡി സതീശനും രമേശ് ചെന്നിത്തലയും പോലും മുന്നോട്ടുവെച്ച മുഴുവൻ പേരുകളും അവസാന നിമിഷം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. വിശ്വസ്തത കാട്ടാതെ ചാഞ്ചാട്ടം കാണിച്ചവരെ പോലും നിർദാക്ഷണ്യം വെട്ടിനിരത്തിയാണ് കെസി ഗ്രൂപ്പിന്റെ നീക്കം.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒജെ ജനീഷിന്റെയും റോജി എം ജോണിന്റെയും അപ്രതീക്ഷിത മന്ത്രിസ്ഥാനത്തിന് പിന്നിൽ കെസി പക്ഷത്തിന്റെ ആസൂത്രിത നീക്കമായിരുന്നു. മന്ത്രിമാരിൽ സണ്ണി ജോസഫ്, എപി അനിൽകുമാർ, റോജി എം ജോൺ, ഒജെ ജനീഷ്, ടി സിദ്ധിഖ്, പിസി വിഷ്ണുനാഥ്, എം ലിജു, ബിന്ദുകൃഷ്ണ, കെ എ തുളസി എന്നിവരാണ് കെസി വിഭാഗക്കാർ.
പ്രതീക്ഷിച്ച മുഖ്യമന്ത്രി സ്ഥാനത്തു നിന്നും മാറി നിൽക്കേണ്ടി വന്നതിനുള്ള കെസി പക്ഷത്തിന്റെ മധുര പ്രതികാരമാണ് മന്ത്രിസഭ രൂപീകരണത്തിലും വകുപ്പ് വിഭജനത്തിലും കണ്ടത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായം തേടിയ ഘട്ടത്തിൽ കെസി വേണുഗോപാലിനെ തള്ളിപ്പറഞ്ഞ് വിഡി സതീശൻ പക്ഷത്തേക്ക് ചാഞ്ചാടിയ ചാണ്ടി ഉമ്മൻ, വിടി ബൽറാം എന്നിവർ അവസാന നിമിഷം മന്ത്രിസ്ഥാനത്തു നിന്നും വെട്ടി നിരത്തപ്പെട്ടു. മറ്റു പലർക്കുമുള്ള കെസി പക്ഷത്തിന്റെ മുന്നറിയിപ്പ് കൂടിയായിരുന്നു ഇത്.
മന്ത്രിസ്ഥാനത്തേക്ക് സതീശൻ പിന്തുണയ്ക്കുമെന്ന് കരുതി മന്ത്രിസ്ഥാനം ഉറപ്പിച്ച ചാണ്ടി ഉമ്മൻ, ഷാനുമോൾ ഉസ്മാൻ, വിടി ബൽറാം എന്നിവർ ഒടുവിൽ നിരാശപ്പെടേണ്ടിവന്നു. വെല്ലുവിളികളും പ്രതിബന്ധങ്ങളും അതിജീവിച്ച് ടി സിദ്ധിഖ്, റോജി എം ജോൺ, ഒരിക്കലും പ്രതീക്ഷയിൽ പോലുമില്ലാതെയിരുന്ന ഒജെ ജനീഷ് എന്നിവരെ മന്ത്രിസ്ഥാനത്ത് എത്തിക്കാൻ കെസി വേണുഗോപാലിന് കഴിഞ്ഞു.
ഉറ്റ അനുയായിയായ വിടി ബൽറാമിന് മന്ത്രിസ്ഥാനം നേടിക്കൊടുക്കാൻ ആവാതെ പോയ മുഖ്യമന്ത്രി വിഡി സതീശൻ മറ്റൊരു വിശ്വസ്തയായ ഷാനിമോൾ ഉസ്മാനെ ക്യാബിനറ്റിൽ എത്തിക്കുന്നതിലും പരാജയം നേരിട്ടു. കോൺഗ്രസിലെ മുസ്ലിം പ്രാതിനിത്വത്തിലും മലബാർ പ്രാതിനിത്യത്തിലും ടി സിദ്ധിഖിനെ കെസി പക്ഷം സമർത്ഥമായി പ്ലേസ് ചെയ്തപ്പോൾ ഷാനുമോൾ ഉസ്മാൻ പിന്തള്ളപ്പെടുകയായിരുന്നു. രാഷ്ട്രീയ സംഘടനാ ഇടപെടലുകൾക്ക് പരിമിതിയുള്ള ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമാണ് ഷാനുമോൾ ഉസ്മാന് ലഭിച്ചത്.
ഇടയ്ക്ക് കെസി വേണുഗോപാലിന് ഒപ്പം നിൽക്കുകയും പിന്നീട് സതീശൻ പക്ഷത്തേക്ക് ചാഞ്ചാടുകയും ചെയ്ത കെ മുരളീധരന് മന്ത്രിസ്ഥാനം ലഭിച്ചെങ്കിലും മെച്ചപ്പെട്ട വകുപ്പ് ലഭിച്ചില്ല. ആരോഗ്യ വകുപ്പിലേക്ക് പരിഗണിച്ച ഘട്ടത്തിൽ താല്പര്യക്കുറവ് കാണിച്ച മുരളിക്ക് ഒടുവിൽ അതിൽ തന്നെ ഒതുങ്ങേണ്ടി വന്നു. 2004ൽ വൈദ്യുതി വകുപ്പ് ഏറ്റെടുത്ത് വടക്കാഞ്ചേരിയിൽ മത്സരിച്ച മുരളീധരൻ ഉപതെരഞ്ഞെടുപ്പിൽ തോറ്റിരുന്നു. അന്നത്തെ അനുഭവം മുൻനിർത്തി ആകണം ഇപ്പോൾ വൈദ്യുതി വകുപ്പ് വേണ്ടെന്ന് മുരളീധരൻ നിലപാടെടുത്തത്.
മന്ത്രിസഭ രൂപീകരണത്തിലും വകുപ്പ് വിഭജനത്തിലും മേൽക്കൈ നേടാൻ സതീശന് കഴിയുന്നില്ല. മാത്രമല്ല, പാർട്ടി താല്പര്യത്തിനും അപ്പുറമുള്ള അജണ്ടകൾ നടപ്പിലാക്കാനും മന്ത്രിസഭയിൽ തന്നെ അദ്ദേഹത്തിന് പരിമിതികൾ ഉണ്ടാകും.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഇത്രത്തോളം നിർണായകവും വിസ്മയകരവുമായ ഒരു അധികാര സമവാക്യം മുൻപൊരിക്കലും ഉണ്ടായിട്ടില്ല. എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും പരമ്പരാഗത കോട്ടകളെ പൂർണമായും നിഷ്പ്രഭമാക്കികൊണ്ട് പാർട്ടിയിലെ അന്തിമ വാക്ക് താൻ തന്നെയാണെന്ന് കെസി വേണുഗോപാൽ തെളിയിച്ചിരിക്കുകയാണ്. വിഡി സതീശൻ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോഴും ഭരണത്തിന്റെ ചരടുകൾ പൂർണമായും നിയന്ത്രിക്കാൻ പോകുന്നത് കെസി പക്ഷത്തിന്റെ ഈ ഒൻപത് മന്ത്രിമാർ ആയിരിക്കും എന്നതിൽ തർക്കമില്ല.