മുഖ്യമന്ത്രി വിഡി സതീശന്റെ സെക്രട്ടറിയായി മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കറെ നിയമിച്ചതിൽ നിന്ന് കെസി വേണുഗോപാൽ അകലം പാലിക്കുകയാണ്. ഇത് ഭരണപരമായ തീരുമാനമാണെന്നും അതിന് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും കെസി പ്രതികരിച്ചു.
അവധി ദിവസമായ ഞായറാഴ്ച തന്നെ രത്തൻ ഖേൽക്കർ ചുമതല ഏറ്റെടുത്തത് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ്. കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തനിക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നും പറഞ്ഞു. ഇത് സതീശനെ പാർട്ടിക്കുള്ളിൽ ഒറ്റപ്പെടുത്താനുള്ള കെസിയുടെ തന്ത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
പശ്ചിമ ബംഗാളിൽ സമാനമായ നിയമനത്തെ രൂക്ഷമായി വിമർശിച്ച രാഹുൽ ഗാന്ധി കേരളത്തിലെ ഈ നിയമനത്തിൽ മിണ്ടാത്തത് വൻ വിവാദത്തിന് വഴിവെച്ചു. ബിജെപി നേതാവ് അമിത് മാളവ്യ രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടി രംഗത്തെത്തി. സിപിഎമ്മും ബിജെപിയും ഈ നിയമനം യുഡിഎഫിന്റെ വിജയത്തിനുള്ള ഉപകാരസ്മരണയാണോ എന്ന് ചോദ്യം ഉന്നയിച്ചു.
മന്ത്രി സണ്ണി ജോസഫും രമേശ് ചെന്നിത്തലയും നിയമനത്തെ ന്യായീകരിച്ച് രംഗത്തെത്തി. എന്നാൽ സോഷ്യൽ മീഡിയയിൽ യുഡിഎഫ് അനുഭാവികൾ തന്നെ രൂക്ഷ വിമർശനവുമായി രംഗത്തുണ്ട്. കെസിയുടെ ഗ്രൂപ്പ് കളിയും ആഭ്യന്തര വിഭാഗീയതയും യുഡിഎഫിനെ ദുർബലപ്പെടുത്തുന്നതായി പലരും അഭിപ്രായപ്പെടുന്നു.