കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രം തരാൻ സന്നദ്ധമായിട്ടും വേണ്ടെന്നുവച്ച 950 ഇ-ബസ് നേടിയെടുക്കാൻ യുഡിഎഫ് സർക്കാർ ശ്രമം തുടങ്ങി. ഇതിന്റെ ഫയൽ അടിയന്തരമായി എത്തിക്കാൻ ഗതാഗത മന്ത്രി സിപി ജോൺ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികളുടെ ബസ് ഡ്രൈവർ സഹിതമാണ് ലഭിക്കുന്നത്. കിലോമീറ്ററിന് 54 രൂപയാണ് വാടക. ഇതിൽ 22 രൂപ കേന്ദ്രവും ബാക്കി 32 രൂപ സംസ്ഥാനവും നൽകും. കണ്ടക്ടറെ നിയോഗിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. 12 വർഷത്തെ മെയിന്റനൻസ് ഗ്യാരന്റിയും ഒറ്റ ചാർജ്ജിൽ 350 കിലോമീറ്റർ വരെ ഓടാനുമുള്ള ശേഷിയുമാണ് ഈ ഇ-ബസുകൾക്കുള്ളത്.
2024 ലാണ് കേന്ദ്രം പിഎം ഇ-ബസ് പദ്ധതിയിൽ 950 ബസുകൾ നൽകാൻ സമ്മതം അറിയിച്ചത്. എന്നാൽ അന്നത്തെ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ പദ്ധതി വേണ്ടെന്നുവച്ചു. ആവശ്യത്തിന് ബസ് ഉണ്ടെന്നായിരുന്നു ന്യായീകരണം. പിന്നാലെ അദ്ദേഹം 145 ഡീസൽ ബസുകൾ വാങ്ങുകയും 180 ബസ് കൂടി വാങ്ങാൻ ടെൻഡർ ക്ഷണിക്കുകയും ചെയ്തു.
ഡീസൽ ബസിന്റെ കിലോമീറ്റർ ചെലവ് 51 രൂപയാണെങ്കിൽ ഇ-ബസിന്റെത് വെറും 27 രൂപ മാത്രമാണ്. കൂടുതൽ ഇ-ബസ് ഓടിച്ചിരുന്നെങ്കിൽ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാമായിരുന്നു എന്നാണ് വിലയിരുത്തൽ. കേന്ദ്ര പദ്ധതി ഉപേക്ഷിച്ചതിന് പിന്നിൽ പർച്ചേസ് കമ്മീഷൻ നഷ്ടപ്പെടുമോ എന്ന ആശങ്കയാണെന്ന ആക്ഷേപവും ഉയർന്നിരുന്നു.
നഗരങ്ങൾ തിരിച്ചുള്ള വിതരണം: കൊച്ചിക്കും കോഴിക്കോടിനും 150 വീതം, തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങൾക്ക് 100 വീതം, ചേർത്തല, കായംകുളം, കോട്ടയം എന്നിവിടങ്ങൾക്ക് 50 വീതം. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം പദ്ധതി പ്രകാരം ഇ-ബസുകൾ ഏറ്റെടുത്ത് സർവീസ് നടത്തുന്നുണ്ട്. ബംഗളൂരു നഗരത്തിൽ മാത്രം 1,400 ലധികം ഇ-ബസുകളാണ് സർവീസ് നടത്തുന്നത്.