പതിനാറാം കേരള നിയമസഭയിലെ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ചു. പ്രോടൈം സ്പീക്കർ ജി സുധാകരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അംഗങ്ങളുടെ പേരിന്റെ അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിലും അംഗങ്ങൾ സത്യവാചകം ചൊല്ലി.
കളമശ്ശേരി എംഎൽഎയും ഫിഷറീസ് വകുപ്പ് മന്ത്രിയുമായ വി അബ്ദുൽ ഗഫൂറായിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാമതായി പാറക്കൽ അബ്ദുള്ളയും മൂന്നാമതായി കെ എം അഭിജിത്തുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പുനലൂർ എംഎൽഎ സി അജയപ്രസാദ്, ഒഎസ് അംബിക, ജി ആർ അനിൽ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു. ഒഎസ് അംബികയാണ് സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത.
സിപിഎം വിട്ട് തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ടികെ ഗോവിന്ദൻ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അടുത്തെത്തി ഹസ്തദാനം ചെയ്തത് ശ്രദ്ധേയമായി. സിപിഎം വിട്ട് പയ്യന്നൂരിൽ മത്സരിച്ച് വിജയിച്ച വി കുഞ്ഞികൃഷ്ണൻ എംഎൽഎയും സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്തു. ഭരണബെഞ്ച് ഇരുവരെയും കരഘോഷത്തോടെ സ്വാഗതം ചെയ്തു.
ബിജെപി എംഎൽഎ ബിബി ഗോപകുമാറും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപി എംഎൽഎമാർ നിയമസഭയിൽ എത്തിയത്. 22-ാം തീയതിയാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുക. തിങ്കളാഴ്ച ഗവർണർ രാജേന്ദ്ര ആർലേക്കർ സഭയെ അഭിസംബോധന ചെയ്യും.
പത്ത് വർഷത്തെ എൽഡിഎഫ് ഭരണത്തിന് ശേഷം മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന ഈ സമ്മേളനം കേരള രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം സഭയിൽ എങ്ങനെ പ്രവർത്തിക്കും എന്നതും ഏറെ നിരീക്ഷണ വിധേയമാണ്.