Thanks for watching! Content unlocked for this session.

കേരള ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുമോ?

വരാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഗസറ്റഡ് ഓഫീസേഴ്സ് സമ്മേളനത്തിൽ സംസാരിക്കവെ, ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി ചില സർപ്രൈസുകൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെയാണ് ഇത് സംബന്ധിച്ച ചർച്ചകൾ സജീവമായത്.

പിഎസ്‌സി അപേക്ഷകൾക്കുള്ള പ്രായപരിധി ഉയർത്തിയ പശ്ചാത്തലത്തിൽ, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഒരു വർഷം കൂടി വർദ്ധിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ, എട്ട് തവണകളായി നൽകാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിട്ടിരുന്ന ഡിഎ, ഡിആർ കുടിശ്ശികകളുടെ കാര്യത്തിൽ ബജറ്റിൽ അന്തിമ തീരുമാനമുണ്ടായേക്കും. ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സ്വയം വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ള പെർഫോമൻസ് ഇൻഡക്സ് ഇൻക്രിമെന്റ് സമ്പ്രദായം നടപ്പിലാക്കാനും സാധ്യതയുണ്ട്.

പങ്കാളിത്ത പെൻഷൻ പദ്ധതി അഷ്വേർഡ് പെൻഷൻ ആക്കി മാറ്റുന്നതിനെക്കുറിച്ചുള്ള തീരുമാനം, മെഡിസെപ്പുമായി ബന്ധപ്പെട്ട മാറ്റങ്ങൾ, പ്രസവാനുകൂല്യം, ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങളും ബജറ്റിൽ ചർച്ചയായേക്കാം. കൂടാതെ, എല്ലാ സർക്കാർ ജീവനക്കാർക്കും സമയബന്ധിതമായി റിഫ്രഷ്മെന്റ് കോഴ്സുകളും പരിശീലനവും നൽകുന്നതിനായി ഒരു പ്രത്യേക ഗവൺമെന്റ് സർവീസ് അക്കാദമി അല്ലെങ്കിൽ യൂണിവേഴ്സിറ്റി ആരംഭിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.