Thanks for watching! Content unlocked for this session.

5.07 ലക്ഷം കോടിയുടെ കടബാധ്യത; നവീൻ ബാബു വധക്കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് മന്ത്രിസഭ

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാനും സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം നിയമസഭയിൽ സമർപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ഇത് സംസ്ഥാന ജിഎസ്ഡിപിയുടെ 35.5 ശതമാനമാണെന്നും ധവളപത്രത്തിൽ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയായ 29.2 ശതമാനത്തേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.

സംസ്ഥാനത്തിന്റെ പലിശ ചെലവ് മൊത്തം വരുമാനത്തിന്റെ 17.73 ശതമാനമായി ഉയർന്നപ്പോൾ വികസന ചെലവുകൾക്കായി ആകെ തുകയുടെ 39.9 ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. മുൻ സർക്കാർ കണക്കുകൂട്ടിയ 35,000 കോടി രൂപയുടെ പദ്ധതി വിഹിതത്തിൽ 20,500 കോടി രൂപയുടെ കുറവുണ്ടായതായും ധവളപത്രം ചൂണ്ടിക്കാണിക്കുന്നു. പതിനാറാം ധനകാര്യ കമ്മീഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയതും നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കുറവ് രേഖപ്പെടുത്തിയതുമാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണമായത്.

പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കി സപ്ലൈകോയ്ക്ക് കീഴിലാക്കാനും എസ്ബിഐ-കേരള ബാങ്ക് കൺസോർഷ്യം വഴി ഉടൻ പണം വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകാനും, നവീൻ ബാബുവിന്റെ മകൾക്ക് റവന്യൂ വകുപ്പിൽ ആശ്രിത നിയമനം നൽകാനും, 2026 ജൂൺ 10 മുതൽ ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിങ് നിരോധനം ഏർപ്പെടുത്താനും മന്ത്രിസഭ അനുമതി നൽകി.