കേരളത്തിന്റെ ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയറ്റിൽ വൻ പുകിലുകൾക്ക് തിരികൊളുത്തി ചീഫ് സെക്രട്ടറി എ ജയതിലകന്റെ പെൻഷൻ വിവാദം. സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ജയതിലകന് ചട്ടം മറികടന്ന മുൻകൂർ പെൻഷൻ അനുവദിച്ച മുൻ പിണറായി സർക്കാരിന്റെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ കുളത്തൂർ ജംസിം മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി.
സാധാരണഗതിയിൽ ഒരു ഉദ്യോഗസ്ഥൻ വിരമിക്കുന്ന ദിവസത്തിലോ അതിന് തൊട്ടുപിറ്റേന്നോ മാത്രമാണ് പെൻഷൻ ആനുകൂല്യങ്ങൾ അനുവദിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കാറുള്ളത്. എന്നാൽ ജയതിലകന്റെ കാര്യത്തിൽ ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിന്റെ അവസാന നാളുകളിൽ മുൻകൂട്ടി പെൻഷൻ അനുവദിക്കുകയായിരുന്നു.
കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ ചേരിതിരിവ് നിലനിൽക്കുന്നുണ്ട്. ജയതിലകനെ ഐഎഎസുകാരിലെ ഒരു പ്രമുഖ വിഭാഗം അതിശക്തമായി എതിർക്കുന്നു. മുൻഭരണകാലത്ത് തങ്ങളെ ഒതുക്കാനും വേട്ടയാടാനും ജയതിലക അധികാര ദുർവിനിയോഗം നടത്തിയെന്ന് ആരോപിച്ച് ഒരു വലിയ നിര ഉദ്യോഗസ്ഥർ പുതിയ സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള ചീഫ് സെക്രട്ടറിക്കെതിരെ കടുത്ത നടപടികളിലേക്ക് പോകാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് നിർണായക ചോദ്യം. പരാതി തള്ളിക്കളയാനാവില്ലെങ്കിലും കൃത്യമായ നിയമ പരിശോധനയ്ക്ക് വിടാനായിരിക്കും സർക്കാരിന്റെ തീരുമാനമെന്നാണ് സൂചന.